അൽവഫ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ പുതിയ ശാഖ ത്വാഇഫിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsത്വാഇഫ്: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ, സൗദിയിൽ റീട്ടെയിൽ രംഗത്ത് പ്രവർത്തിക്കുന്ന അൽവഫ ഹൈപ്പർ മാർക്കറ്റ് പുതിയ ശാഖ ത്വാഇഫിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. സൗദിയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രവും കാർഷിക വിഭവങ്ങളാൽ സമ്പന്നമായ ചരിത്രപശ്ചാത്തലവുമുള്ള ത്വാഇഫിലാണ് മക്കാ റീജനിലെ അൽവഫ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി ബഷീറിന്റെ സാന്നിധ്യത്തിൽ ത്വാഇഫ് ഗവർണറേറ്റ് മുൻസിപ്പാലിറ്റി സെക്രട്ടറി എൻജിനീയർ അബ്ദുള്ള അൽസാഇദി നാടമുറിച്ച് അൽവഫ ഹൈപ്പർ മാർക്കറ്റ് ജനങ്ങൾക്കുവേണ്ടി തുറന്നു കൊടുത്തു. അബ്ദുറഹ്മാൻ ജിബ്രാൻ, ഡോ. അലി ബിൻ അഹമ്മദ് അൽ ഖാസിം, ഡയറക്ടർ ഓഫ് പ്രൊജക്റ്റ് മാനേജ്മെന്റ് എൻജിനീയർ അലി, യൂസുഫ് ഗ്രാവൻ തുടങ്ങിയ സൗദി സർക്കാർ ഉദ്യോഗസ്ഥരുടെയും വിവിധ തുറകളിൽ പെട്ട ത്വാഇഫിലെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് അൽവഫ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ജനപ്രവാഹമായിരുന്നു ഉദ്ഘാടന ദിനത്തിൽ ഒഴുകിയെത്തിയത്. സൗദിയുടെ വിഷൻ 2030 ബൃഹദ്പദ്ധതിയുടെ കൂടെ അൽവഫ ഹൈപ്പർമാർക്കറ്റ് ഗ്രൂപുണ്ടാകുമെന്നും രാജ്യത്തിന്റെ വികസനത്തോടൊപ്പം അൽവഫ സഞ്ചരിക്കുമെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറയുന്നതായും ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ് ചെയർമാൻ കെ.പി ബഷീർ പറഞ്ഞു. 50,000ത്തോളം ചതുരശ്രയടി വിസ്തീർണത്തിൽ, 400 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെയാണ് മക്ക റീജിയനിലെ രണ്ടാമത്തെ അൽവഫ ഹൈപ്പർ മാർക്കറ്റ് തുറന്നു പ്രവർത്തനം ആരംഭിച്ചതെന്നും സൗദിയിൽ സമീപ ഭാവിയിൽ 50 ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യപൂർത്തീകരണത്തിലാണ് തങ്ങളെന്നും അൽവഫ ഹൈപ്പർ മാർക്കറ്റ് സി.ഇ.ഒ അബ്ദുൽ നാസർ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് മാർക്കറ്റിംങ് മാനേജർ ഫഹദ് മെയോൺ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും അഭിരുചിക്കനുസരിച്ച് എല്ലാ ഇലക്ട്രോണിക്, ഇലക്ട്രിക്, തുണിത്തരങ്ങൾ, ഫാഷൻ, ബേക്കറി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, വെജിറ്റബിൾ അടക്കമുള്ള എല്ലാ സാധനങ്ങളും ഇന്ത്യൻ പച്ചക്കറികളും തികച്ചും ന്യായമായ വിലയിൽ ലഭിക്കുമെന്നും സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ത്വാഇഫിൽ 'മസ്റ്റ് വിസിറ്റ്' സ്ഥാപനമായി അൽവഫ ഹൈപ്പർ മാർക്കറ്റ് മാറുമെന്നും സൗദി ഡയറക്ടർമാരായ മുഹമ്മദ് കോറോത്ത്, മാജിദ് കോറോത്ത്, മുഹ്സിൻ കോറോത്ത്, എച്ച്.ആർ മാനേജർ ജലീൽ, ഓപ്പറേഷൻ മാനേജർ ഫഹദ് തോട്ടശേരി, മാർക്കറ്റിംങ് മാനേജർ ഫഹദ് മെയോൺ, ഫൈനാൻസ് ഹെഡ് അബ്ദുൽ സത്താർ എന്നിവർ വ്യക്തമാക്കി. ജിദ്ദയിലും ദമ്മാമിലും റിയാദിലുമടക്കം സൗദിയിൽ 10 ഓളം പുതിയ അൽവഫ ഹൈപ്പർമാർക്കറ്റുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ അവ പ്രവർത്തനം തുടങ്ങുമെന്നും ലോകത്തര ഉത്പന്നങ്ങൾ ഏറ്റവും മിതമായ വിലക്ക് ജനങ്ങളിലെത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നും മാനേജ്െമന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.