ത്വാഇഫിലെ അൽ വഹ്ബ ക്രേറ്റർ, ലോകത്തെ അദ്ഭുതകരമായ 100 ഭൂവടയാളങ്ങളിലൊന്ന്
text_fieldsയാംബു: ലോകത്തെ അദ്ഭുതകരവും മനോഹരവുമായ 100 ഭൂവടയാളങ്ങളിൽ ഒന്നായി ത്വാഇഫിലെ അൽ വഹ്ബ ക്രേറ്ററിനെ (അഗ്നിപർവത മുഖം) അംഗീകരിക്കാൻ നടപടി ആരംഭിച്ച് യുനെസ്കോ. ത്വാഇഫിന്റെ വടക്കുകിഴക്കു ഭാഗത്തായി 260 കിലോമീറ്റർ അകലെ ‘ഹരാത് കിഷബ്’ പർവത മടക്കിലാണ് ഈ അഗ്നിപർവത ചുഴി. ലാവ പൊട്ടിയൊലിച്ചതിന്റെ മുറിപ്പാടാണ് ഈ ഗർത്തം.
അദ്ഭുതപ്പെടുത്തുന്ന ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായാണ് അൽ വഹ്ബയെ ഇന്റർനാഷനൽ യൂനിയൻ ഓഫ് ജിയോളജിക്കൽ സയൻസും (ഐ.യു.ജി.എസ്) യുനൈറ്റഡ് നേഷൻസ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷനും (യുനെസ്കോ) പരിഗണിക്കുന്നത്.
സൗദി അറേബ്യ ഉൾപ്പെടെ 64 രാജ്യങ്ങൾ സമർപ്പിച്ച 174 ഭൂവടയാളങ്ങൾ സംബന്ധിച്ച നിർദേശങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 89 സ്ഥലങ്ങളിൽ ഒന്നായാണ് അൽ വഹ്ബ പട്ടികയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നതെന്ന് ഹെറിറ്റേജ് അതോറിറ്റി വക്താവ് താരിഖ് അബ അൽ ഖൈൽ പറഞ്ഞു. അമേരിക്ക, ഇറ്റലി, കാനഡ, ന്യൂസിലാൻഡ്, ചൈന, ഐസ്ലാൻഡ്, ഈജിപ്ത്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ ഏറ്റവും വലിയ അഗ്നിപർവത ഗർത്തമാണ് അൽ വഹ്ബ എന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയത്.
ജിദ്ദയിൽനിന്ന് ജുമൂം വഴി 365 കിലോമീറ്ററും തൂവൽ വഴി 447 കിലോമീറ്ററും ദൂരമുണ്ട് അൽ വഹ്ബയിലേക്ക്. നിലവിൽ ഇത് പുരാവസ്തു കേന്ദ്രമായി സൗദി ഗവൺമെൻറ് സംരക്ഷിക്കുകയാണ്. 250 മീറ്റർ ആഴവും 2.3 കിലോമീറ്റർ വ്യാസവുമുള്ള ഈ അഗ്നിപർവത ഗർത്തത്തിന് 11 ലക്ഷം വർഷം പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് അഗ്നിപർവത സ്ഫോടനമുണ്ടായി ‘മാഗ്മ’യും ഭൂഗർഭജലവും ലവണങ്ങളും പുറത്തേക്ക് പ്രവഹിച്ചാണ് ഗർത്തം ഉണ്ടായത് എന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ലാവയുടെ പ്രതിപ്രവർത്തനം മൂലം ശക്തമായ വാതക പ്രസരണം സംഭവിക്കുകയും അതുവഴിയാണ് രണ്ട് കിലോമീറ്ററോളം വിസ്തീർണമുള്ള ഈ മഹാഗർത്തം രൂപപ്പെട്ടതെന്നും ഗവേഷകർ പറയുന്നു. ‘മഖ്ല ത്വമിയ്യ’ (ഫൂഹത്തുൽ വഹ്ബ) എന്നാണ് അറബി നാമം. അഗ്നിപർവത സ്ഫോടനം മൂലം ഭൗമോപരിതലത്തിൽ രൂപപ്പെടുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ‘ക്രേറ്റർ’ എന്ന് വിളിക്കുന്നത്.
ഗർത്തത്തിനുള്ളിൽ വലിയ പാത്രത്തിെൻറ അടിഭാഗം പോലുള്ള ഭാഗത്ത് വെളുത്ത നിറത്തിൽ ലാവ ഉറഞ്ഞുകിടക്കുന്നു. ഈ കാഴ്ച മനോഹരമാണ്. ഉരുക്ക് പോലുള്ള കറുത്ത ശിലകളാണ് ഈ പർവതപ്രദേശത്താകെയുള്ളത്. നിലവിൽ അൽ വഹ്ബ വിനോദസഞ്ചാരികളുടെയും ഭൗമശാസ്ത്ര ഗവേഷകരുടെയും വിദ്യാർഥികളുടേയുമെല്ലാം ഇഷ്ടപ്രദേശമാണ്. ധാരാളം ആളുകൾ നിത്യേന ഇവിടെ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.