സൗദിയിലെ അൽവഹ്ബ അഗ്നിപർവത ഗർത്തം; ലോകത്തെ ഏറ്റവും മനോഹരമായ 100 ലാൻഡ്മാർക്കുകളിലൊന്ന്
text_fieldsറിയാദ്: സൗദിയിലെ അൽവഹ്ബ ഗർത്തം യുനെസ്കോയുടെ ലോകത്തിലെ ഏറ്റവും മനോഹരമായ 100 ഭൂമിശാസ്ത്ര അടയാളങ്ങളുടെ പട്ടികയിൽ ഇടം നേടി. സൗദി ജിയളോജിക്കൽ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിൽ നടന്ന 2024ലെ 37-ാമത് രാജ്യാന്തര ജിയോളജിക്കൽ സമ്മേളനത്തിലെ ജിയോളജിക്കൽ സർവേയുടെ പങ്കാളിത്തത്തിനിടയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
ജിദ്ദയിൽനിന്ന് ഏകദേശം 270 കിലോമീറ്റർ വടക്കുകിഴക്ക് മക്ക മേഖലയിലെ അൽമുവൈഹ് ഗവർണറേറ്റിൽ ‘ഹറത്ത് കശബി’ലാണ് അൽവഹ്ബ ഗർത്തം. ലോകത്തെ ഏറ്റവും വലിയ വരണ്ട അഗ്നിപർവതങ്ങളിൽ ഒന്നാണിത്. വൃത്താകൃതിയിൽ മൂന്ന് കിലോമീറ്റർ വ്യാസവും 380 മീറ്റർ ആഴവുമുള്ള ഒരു മണൽ ക്വാറിയാണ് അൽവഹ്ബ ഗർത്തം. മധ്യപൗരസ്ത്യദേശത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നാണിത്. 175 ചെറിയ അഗ്നിപർവതങ്ങൾ ഉൾപ്പെടുന്ന ഒരു മോണോജെനിക് അഗ്നിപർവത പ്രദേശത്തിന്റെ ഭാഗമാണിത്. ഏകദേശം 6,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഇവക്ക് 20 ലക്ഷം വരെ പഴക്കമുണ്ടെന്നാണ് കണക്കുകൂട്ടൽ. അൽമുവൈഹ് ഗവർണറേറ്റ് സന്ദർശിക്കുന്നവർക്ക് അൽവഹ്ബ ഗർത്തം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവും നാഴികക്കല്ലുമായി മാറിയിരിക്കുന്നു. ഭൂമിശാസ്ത്രത്തിലും ചരിത്രത്തിലും വിഗദ്ധരായ ഗവേഷകരെ ആകർഷിക്കുന്നതിന് ഈ സ്ഥലം ചില വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നിലവാരത്തിൽ സന്ദർശകർക്കായി വിസിറ്റേഴ്സ് ഗാലറി, ഡിജിറ്റൽ എക്സിബിഷൻ ഹാൾ, സൈറ്റിന്റെ ചരിത്രപരമായ ഐഡന്റിറ്റിയുടെ കാഴ്ചകൾ എന്നിവ ഉൾപ്പെടുത്തി നിരവധി കെട്ടിടങ്ങൾ ഇവിടെ നിർമിച്ചിട്ടുണ്ട്.
കാഠിന്യമുള്ള കറുത്ത അഗ്നിപർവത പാറകൾ കൊണ്ട് നിർമിച്ചതാണ് ഇവ. കോറിഡോറുകൾ, ഗർത്തത്തിന് അഭിമുഖമായി ഗാലറികൾ, വാഹന പാർക്കിങ് കേന്ദ്രങ്ങൾ, സോളാർ വൈദ്യുതി പദ്ധതി, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്റർനാഷനൽ യൂനിയൻ ഓഫ് ജിയോളജിക്കൽ സയൻസസും യുനൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനും (യുനെസ്കോ) 2024ൽ ലോകത്തിലെ ഏറ്റവും മികച്ച 100 ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളിൽ അൽവഹ്ബ ഗർത്തത്തെ തെരഞ്ഞെടുക്കുകയും നാമനിർദേശം ചെയ്യുകയും ചെയ്തതായി സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് ത്വാരിഖ് അബാ അൽഖൈൽ പറഞ്ഞു.
89 അന്താരാഷ്ട്ര വിദഗ്ധരടങ്ങിയ സമിതിയുടെ വിലയിരുത്തലിന് ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. സൗദി, യു.എസ്, ഇറ്റലി, കാനഡ, ന്യൂസിലാൻഡ്, ചൈന, ഐസ്ലാൻഡ്, ഈജിപ്ത്, ഫിൻലാൻഡ് എന്നിവയുൾപ്പെടെ 64 രാജ്യങ്ങൾ സമർപ്പിച്ച 174 കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നാണ് അൽവഹ്ബ ഗർത്തം തെരഞ്ഞെടുത്തതെന്നും അബാ ഖൈൽ പറഞ്ഞു. പടിഞ്ഞാറൻ സൗദിയിൽ ഏകദേശം 11 ലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട അൽവഹ്ബ ഗർത്തം അല്ലെങ്കിൽ അലൂവിയൽ ക്വാറി ശാസ്ത്രീയമായി ‘അൽമാർ’അഗ്നിപർവതം എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അബാ ഖൈൽ സൂചിപ്പിച്ചു.
അതേസമയം, യുനസ്കോയിൽ ഇടംനേടുന്ന സൗദിയിലെ പുരാവസ്തു സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും എണ്ണം കൂടിവരികയാണ്. അടുത്തിടെയാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ റിയാദ് മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഫാവ് ആർക്കിയോളജിക്കൽ ഏരിയയുടെ സാംസ്കാരിക ലാൻഡ്സ്കേപ്പ് യുനസ്കോയിൽ ഇടം നേടിയതായി സൗദി പ്രഖ്യാപിച്ചത്. സാർവത്രിക മാനുഷിക പൈതൃക മൂല്യമുള്ള ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ഇക്കഴിഞ്ഞ ജൂലൈ 22 മുതൽ 31 വരെയുള്ള കാലയളവിൽ ന്യൂഡൽഹിയിൽ നടന്ന ലോക പൈതൃക സമിതിയുടെ 46-ാമത് സെഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.