സഞ്ചാരികളെ മാടിവിളിച്ച് മദീനയിലെ അൽഫിക്റ പർവതനിരകൾ
text_fieldsമദീന: സൗദിയിലെ മനോഹരമായ പർവതനിരകളും വേറിട്ട കാലാവസ്ഥയുമുള്ള വിനോദസഞ്ചാരകേന്ദ്രമാണ് അൽഫിക്റ മലഞ്ചെരിവുകൾ. കടുത്ത വേനലിലും മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന മദീന പ്രവിശ്യയിലെ അപൂർവ പ്രദേശമായ ഇവിടെ അവധിദിനങ്ങളിലും വാരാന്ത്യങ്ങളിലും സഞ്ചാരികളുടെ നല്ല ഒഴുക്കാണ്. മദീന നഗരത്തിൽനിന്ന് പടിഞ്ഞാറു ഭാഗത്തായി 80 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
മദീന-യാംബു ഹൈവേയിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി അൽഫിക്റയിലേക്കുള്ള ഉപ റോഡിെൻറ സൂചന കാണാം. വളവും തിരിവുമുള്ള റോഡിലൂടെ ഏകദേശം 45 കിലോമീറ്റർ സഞ്ചരിച്ചാൽ അൽഫിക്റയിലെത്താം.
അങ്ങോട്ടുള്ള യാത്രയിൽതന്നെ അംബരചുംബികളായ പർവതനിരകളുടെ നയനാനന്ദകരമായ ദൃശ്യങ്ങൾ കാണാം. ഒട്ടകങ്ങളുടെയും കഴുതകളുടെയും സാന്നിധ്യമുള്ള പ്രദേശംകൂടിയാണിത്. മൃഗങ്ങൾ റോഡ് ക്രോസിങ് ചെയ്യുന്ന സ്ഥലമാണ് എന്ന മുന്നറിയിപ്പ് ഫലകങ്ങൾ വഴിയിൽ ചില ഭാഗങ്ങളിൽ കാണാം. തെരുവുവിളക്കുകൾ ഇവിടത്തേക്കുള്ള റോഡരികിൽ ഇല്ലാത്തതുകൊണ്ട് രാത്രിയുള്ള യാത്രക്ക് കൂടുതൽ ശ്രദ്ധ വേണം. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരമുള്ള അൽഫിക്റ കുന്നിൻ ചരിവുകളുടെ വശ്യമനോഹരമായ കാഴ്ചകൾ അവാച്യമായ അനുഭൂതിയാണ് സന്ദർശകർക്ക് പകർന്നുനൽകുന്നത്.
ചാരുതയേറിയ കുന്നിൻമുകളിൽ സഞ്ചാരികൾക്കായി ചില റിസോർട്ടുകളുണ്ട്. മലഞ്ചെരിവുകളിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഈന്തപ്പന എന്നിവയുടെ കൃഷിത്തോട്ടങ്ങളും തേൻ കൃഷിയുമെല്ലാം ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു. അപൂർവ സസ്യങ്ങളും പൂക്കളുമുള്ള ഈ പ്രദേശത്തുനിന്ന് ഉൽപാദിപ്പിക്കുന്ന തേനിന് സ്വദേശികൾക്കിടയിൽ നല്ല ഡിമാൻഡാണത്രെ. കുന്നിൻമുകളിലെ വിദൂര കാഴ്ചയും സായന്തനക്കാഴ്ചയും ആസ്വദിക്കാനാണ് സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ധാരാളം സ്വദേശി കുടുംബങ്ങളും വിദേശികളും ഇവിടെ എത്തുന്നത്. ഭക്ഷണമടക്കമുള്ള എല്ലാ തയാറെടുപ്പുകളുമായാണ് ഇവർ ഈ ഗിരിനിരകളിലെ മനംമയക്കുന്ന പ്രകൃതികാഴ്ചകളിലേക്ക് എത്തുന്നത്.
മദീന നഗരത്തിലെ താപനിലയെക്കാൾ ഇവിടത്തെ താപനില 15 ഡിഗ്രി സെൽഷ്യസ് എപ്പോഴും കുറവാണ്. മഴ കൂടുതൽ ലഭിക്കുന്ന ഈ പ്രദേശത്ത് ശൈത്യകാലത്ത് തണുപ്പ് വളരെ കൂടുതലാണ്. എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന വേറിട്ട കാലാവസ്ഥയായതിനാൽ മദീനയിൽനിന്നുള്ള സ്വദേശികൾ അവധിദിനങ്ങൾ ചെലവഴിക്കാൻ സാധാരണ എത്തുന്ന സ്ഥലമാണിതെന്ന് മദീനയിലെ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനായ അബൂ ഇബ്രാഹീം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കൺകുളിർമയുണ്ടാക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകൾ പകർത്തിയും പ്രകൃതി ദൃശ്യങ്ങൾ ആവോളം ആസ്വദിച്ചുമാണ് വിനോദസഞ്ചാരികൾ അൽഫിക്റയെ ഹൃദയത്തിലേറ്റുവാങ്ങി മടങ്ങുന്നത്. തിരക്കുപിടിച്ച ജീവിത ചുറ്റുപാടിൽനിന്ന് മാറി മനംമയക്കുന്ന പ്രകൃതികാഴ്ചകൾ നുകരുന്നതു മൂലം മാനസികമായ പിരിമുറുക്കങ്ങളിൽനിന്ന് മോചനം ലഭിക്കുന്നതായും മാനസിക അനുഭൂതി ഏറെ പകർന്നുലഭിക്കുന്നതായും അൽഫിക്റയിലെത്തിയ മലയാളികളടക്കമുള്ള സഞ്ചാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.