അൽഹറമൈൻ റെയിൽവേ സ്റ്റേഷൻ അഗ്നിബാധ: തീ അണച്ചത് തിങ്കളാഴ്ച പുലർച്ചയോടെ
text_fieldsജിദ്ദ: സുലൈമാനിയയിലെ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലുണ്ടായ അഗ്നിബാധ പൂർണമായും അണച്ചത് തിങ്കളാഴ്ച പുലർച്ചയോടെ. ഞായറാഴ്ച ഉച്ചക്കാണ് സ്റ്റേഷെൻറ നാലാം നില യിലെ മേൽക്കൂരയിൽ അഗ്നി കണ്ടത്. ഉച്ചക്ക് തുടങ്ങിയ തീ അണക്കൽ രാത്രി ഏറെ വൈകിയും തുടരുകയായിരുന്നു.
മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സിവിൽ ഡിഫൻസിെൻറ 26ഒാളം യൂനിറ്റുകളുടെ തീവ്ര ശ്രമഫലമായാണ് പൂർണമായും തീ കെടുത്താൻ കഴിഞ്ഞത്. തിങ്കളാഴ്ച പകൽ സ്റ്റേഷനകവും പുറവും തണുപ്പിക്കുന്ന ജോലികളിൽ വ്യാപൃതരായിരുന്നു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ. അരാംകോ കമ്പനി, ജിദ്ദ വിമാനത്താവളം എന്നിവിടങ്ങളിലെ അഗ്നിശമന വിഭാഗവും സഹായത്തിെനത്തി.
സുരക്ഷ ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. നിരവധി ജലടാങ്കർ ലോറികളാണ് സ്ഥലത്തേക്ക് തിരിച്ചുവിട്ടത്. അഗ്നിബാധ ഏറ്റവും മുകളിലെ മേൽക്കൂരയിലായത് തീ അണക്കാൻ ഏറെ പ്രയാസമുണ്ടാക്കിയെന്നാണ് പറയപ്പെടുന്നത്. താഴെ നിലയിൽനിന്ന് തീ അണക്കൽ ഏറെ സാഹസം നിറഞ്ഞതും അപകടകരവുമായിരുന്നു. മുകളിൽ കത്തിയമർന്ന ഭാഗങ്ങൾ താഴെ നിലയിലേക്ക് വീണതും അഗ്നിബാധയുടെ ആഘാതം കൂട്ടാൻ കാരണമായി.
ജിദ്ദ പൊലീസ്, സ്ഥാപന സുരക്ഷ സേന, ട്രാഫിക് എന്നിവയും സഹായത്തുണ്ടായിരുന്നു. പുകപടലം ശ്വസിച്ച എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജിദ്ദ ആരോഗ്യ കാര്യാലയം വ്യക്തമാക്കി. ശ്വാസതടസ്സമനുഭവപ്പെട്ട 11 പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതായി റെഡ്ക്രസൻറ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു. റെഡ് ക്രസൻറിെൻറ 11 യൂനിറ്റുകൾ സ്ഥലത്തെത്തിയിരുന്നുവെന്നും വക്താവ് പറഞ്ഞു. അതേ സമയം, അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലുണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കോടികൾ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടും സജ്ജീകരണങ്ങളോടും നിർമിച്ച റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷമാകുന്നേയുള്ളൂ. സ്റ്റേഷെൻറ മിക്ക ഭാഗങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ എത്രയെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും കത്തിനശിച്ചതിലുൾപ്പെടും. അതോടൊപ്പം മക്ക, മദീനക്കിടയിലെ അൽഹറമൈൻ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രെയിൻ സർവിസുണ്ടാകില്ലെന്ന് അൽഹറമൈൻ ട്രെയിൻ ഒാഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.