സൗദിയിൽ കാണാതായ ആലിക്കുട്ടിക്കായി കുടുംബത്തിന്റെ കണ്ണീരുണങ്ങാ കാത്തിരിപ്പിന് അഞ്ചാണ്ട്
text_fieldsറിയാദ്: സൗദി അറേബ്യയിൽനിന്ന് അഞ്ചുവർഷം മുമ്പ് നാട്ടിലേക്ക് തിരിച്ച ആലിക്കുട്ടി ഇനിയും വീട്ടിലെത്തിയില്ല. പ്രിയതമയുടെയും മക്കളുടെയും ഉമ്മയുടെയും കൂടപിറപ്പുകളുടെയും കണ്ണീരുണങ്ങാ കാത്തിരിപ്പ് രാപ്പകലുകളറിയാതെ നീളുന്നു. കോഴിക്കോട് കൊടുവള്ളി ആവിലോറ കൊല്ലരുകണ്ടിയിൽ അബൂബക്കർ ഹാജിയുടെയും പാത്തുമ്മയുടെയും ആറുമക്കളിൽ മൂത്തയാളായ ആലിക്കുട്ടി (55) 20 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായിരുന്നു. ഖസീം പ്രവിശ്യയിലെ അൽറസിൽ ലഘുഭക്ഷണശാല (ബൂഫിയ) നടത്തുകയായിരുന്നു.
അഞ്ച് വർഷം മുമ്പ് വരെ നാട്ടിൽ വീട്ടുകാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. പെട്ടെന്നൊരുദിവസം വിളിപ്പുറത്തില്ലാതാവുകയായിരുന്നു. ഏഴുവർഷം മുമ്പാണ് അവസാനമായി നാട്ടിൽപോയി മടങ്ങിയത്. മൂന്ന് ആൺകുട്ടിയുടെയും ഒരു പെൺകുട്ടിയുടെയും പിതാവായ ആലിക്കുട്ടി ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്.
അവധിക്ക് പോകുന്നു എന്ന് പറഞ്ഞയാളെ പിന്നീട് കാണാതാവുകയാണ് ഉണ്ടായത്. നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞിരുന്നതാണ്. എന്നാൽ നാട്ടിലോ വീട്ടിലോ എത്തിയില്ല. സൗദിയിലുള്ള അനുജന്മാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വ്യാപക അന്വേഷണം നടത്തി. 2018 ജൂലൈ 24-ന് നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചിരിക്കുന്നതായി കണ്ടെത്തി. ആറുമാസ അവധിയുള്ളതായിരുന്നു വിസ. ആലിക്കുട്ടിയെ കുറിച്ച് ഒന്നും അറിയാതായ ശേഷം ലഭിച്ച ഏക വിവരവും രേഖയുമാണ് ഇത്.
സൗദിയിൽനിന്ന് പോയിരിക്കും എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കരുതുന്നത്. എന്നാൽ നാട്ടിലെത്തിയിട്ടില്ല, എങ്കിൽപിന്നെ എങ്ങോട്ട് പോയി. അതാണ് ഉത്തരംകിട്ടാ ചോദ്യമായി ഉറ്റവരെയും ഉടയവരെയും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബം വഴിക്കണ്ണുമായി കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു. പിതാവ് നേരത്തെ മരിച്ചിരുന്നു. വാർദ്ധക്യത്തിലെത്തിയ ഉമ്മയുടെയും, ഭാര്യയുടെയും മക്കളുടെയും കണ്ണീര് തോർന്നിട്ടില്ല. രണ്ടുവർഷം മുമ്പ് മൂത്ത മകൾ വിവാഹിതയായി. രണ്ടാമത്തെ മകൻ 10-ാം ക്ലാസിലും മൂന്നാമൻ ഏഴാം ക്ലാസിലും ഏറ്റവുമിളയ മകൻ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇവരെല്ലാം ഉപ്പയെ കാത്തിരിക്കുകയാണ്.
കാണാതായ ശേഷം സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി കാര്യമായ അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഒരു സൂചനയും ലഭിച്ചില്ല. എന്നാൽ കുറച്ചുകാലം മുമ്പ് വരെ ഫേസ്ബുക്കിൽ അലി ആവിലോറ എന്ന അക്കൗണ്ട് സജീവമായിരുന്നു. പല വിഷയങ്ങളിലും പ്രതികരിക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. അൽറസിൽ കെ.എം.സി.സിയുടെ സജീവ അംഗമായ ഇദ്ദേഹം സാമൂഹികപ്രവർത്തകനെന്ന നിലയിൽ പല വിഷയങ്ങളിലും പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലുണ്ടെന്ന് മനസിലാക്കി ബന്ധുക്കൾ മെസഞ്ചറിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
രണ്ട് സഹോദരങ്ങൾ സൗദിയിലുണ്ട്. ഖത്വീഫിൽ ഷുക്കൂറും ജിദ്ദയിൽ സുബൈറും. ദുബൈയിൽ മറ്റൊരു സഹോദരൻ ബഷീറും. ഇവരെല്ലാം തങ്ങൾക്ക് സാധ്യമായ മാർഗങ്ങളിലൂടെ കഴിഞ്ഞ അഞ്ചുവർഷമായി അന്വേഷണം നടത്തുകയാണ്. ഭാര്യയുമായി എന്തോ ഒരു ചെറിയ സൗന്ദര്യ പിണക്കമുണ്ടായി എന്നതല്ലാതെ വീട്ടിൽനിന്ന് മാറിനിൽക്കാൻ കാര്യമായ എന്തെങ്കിലും കാരണമുള്ളതായി ഇവർക്കാർക്കും അറിയില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0504331778 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സഹോദരൻ ഷുക്കൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.