അലിഫ് ഇൻറർനാഷനൽ സ്കൂൾ 15ാം വാർഷികം ആഘോഷിക്കുന്നു
text_fieldsറിയാദ്: റിയാദിലെ അലിഫ് ഇൻറർനാഷനൽ സകൂൾ 15ാം വാർഷികം ആഘോഷിക്കുന്നു. ‘15 ഇലുമിനേറ്റിങ് ഇയേഴ്സ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷപരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാന് സ്കൂളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നിർവഹിച്ചു. പ്രവാസി വിദ്യാർഥികൾക്ക് മൂല്യമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യവുമായി 2009ൽ റിയാദിലാണ് അലിഫ് സ്കൂളിന് തുടക്കം കുറിച്ചത്.
തുടർന്ന് 2019ൽ കോഴിക്കോട് അലിഫ് ഗ്ലോബൽ റെസിഡൻഷ്യൽ സ്കൂളും രാജ്യാന്തര വിദ്യാർഥികൾക്ക് വേണ്ടിയുള്ള അലിഫ് വെർച്വൽ സ്കൂളുമായി അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് വളർച്ചയുടെ വഴിയിൽ മുന്നോട്ട് പോകുന്നു.
നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാവുന്ന രീതിയിലേക്ക് വിദ്യാർഥികളുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് അലിഫ് 15 വർഷം പൂർത്തിയാക്കുന്നത്. ബത്ഹക്ക് സമീപം ഖസാൻ സ്ട്രീറ്റിലാണ് കെ.ജി മുതൽ 10ാം ക്ലാസുവരെ സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അലിഫ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
15ാം വാർഷികത്തിന്റെ ഭാഗമായി നിർധനരായ 15 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകും. റിയാദിലെ സ്കൂളുകളിൽ അധ്യാപന രംഗത്ത് 15 വർഷത്തെ മികച്ച സേവനം പൂർത്തിയാക്കിയവരെ ആദരിക്കും. വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് വിദ്യാർഥികളെ ആകർഷിക്കാൻ പുസ്തകമേളയും സാഹിത്യ ചർച്ചകളും മുഷാഇറകളും സംഘടിപ്പിക്കും. സാഹിത്യരംഗത്തെ പ്രമുഖരുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് ഇത് അവസരമൊരുക്കും.
പ്രസംഗ പരിശീലന പരിപാടിയായ അലിഫിയൻസ് ടോക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും കോഡിങ്ങിനും ഊന്നൽ നൽകിയുള്ള ഡിജി ഫെസ്റ്റ്, ശാസ്ത്രപ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിന് സയൻസ് എക്സ്പോ, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന് ജി.കെ മെഗാ ക്വിസ്, വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമെൻറ്, ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിക്കുന്നതിനായി ലിംഗോ ഡ്രമാറ്റിക്സ്, കുടുംബിനികൾക്കായി മോം ഫസ്റ്റ് തുടങ്ങി വ്യത്യസ്ത പരിപാടികൾ അരങ്ങേറും.
വിവിധ അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളിൽ പഠിക്കുന്ന പൂർവവിദ്യാർഥികളുടെ ‘അലുമ്നി ടോക്ക്’, അലിഫ് ഗാല, കരിയർ, ബിസിനസ് രംഗത്തെ പ്രഗൽഭരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എക്സ്പേർട്ട് ടോക്ക് തുടങ്ങിയവ വിദ്യാർഥികളെ കൂടുതൽ ദിശാബോധമുള്ളവരാക്കുമെന്നും ‘15 ഇലുമിനേറ്റിങ് ഇയേഴ്സ്’ പ്രഖ്യാപനത്തിൽ അലിഫ് ചെയർമാൻ അറിയിച്ചു. ആഘോഷപരിപാടികൾ 2025 ജനുവരി 17 വരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.