അലിവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം നാളെ
text_fieldsറിയാദ്: മലപ്പുറം വേങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റി സെല്ലിെൻറ പുതിയ സംരംഭമായ അലിവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ തെറാപ്പി ആൻഡ് സെൻറർ ഫോർ റീഹാബിലിറ്റേഷൻ ശനിയാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് അലിവ് റിയാദ് ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വേങ്ങരയിലെ ചേറ്റിപ്പുറമാടിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന 22 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ സ്ഥാപനത്തിെൻറ മുഴുവൻ ചെലവും വഹിക്കുന്നത് റിയാദ് ചാപ്റ്ററാണ്. ശനിയാഴ്ച രാവിലെ 9.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. അലിവ് ചാരിറ്റി സെൽ പ്രസിഡൻറ് പാണക്കാട് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. റിയാദിൽ അലിവ് ചാപ്റ്റർ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് മുതൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
അതിലേറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് അലിവ് ഹാഫ് റിയാൽ ക്ലബ്. പ്രവർത്തകരിൽ നിന്ന് ദിനംപ്രതി 50 ഹലാല വീതം സമാഹരിച്ചു നാട്ടിലെ നിർധനരായ രോഗികൾക്ക് സഹായമെത്തിക്കുന്ന പദ്ധതിയാണ് ഹാഫ് റിയാൽ ക്ലബ്. നാലു വർഷമായി നിരവധി രോഗികൾക്ക് സഹായമെത്തിക്കാനായി. അലിവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി സെൻറർ നിർമാണത്തിന് ചെലവഴിച്ച തുകയിൽ ഭൂരിഭാഗവും ഹാഫ് റിയാൽ ക്ലബ്ബ് മുഖേന സ്വരൂപിച്ചു കൈമാറിയതാണ്. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ വിദഗ്ധരായ ഫിസിയോ തെറാപ്പിസ് റ്റുകളുടെ മേൽനോട്ടത്തിൽ ആധുനിക സംവിധാനമാണ് യൂനിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമെ സ്പീച്ച് തെറാപ്പിയും കുട്ടികൾക്കായ് പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്.
ന്യൂറോ ഓർത്തോ ഫിസിയോതെറാപ്പി, കാർഡിയോതെറാപ്പി, പീഡിയാട്രിക്ക് ഫിസിയോതെറാപ്പി, സ്പോർട്സ് ഫിസിയോതെറാപ്പി, ഗൈനക്കോളജി ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, സർജറിക്ക് ശേഷമുള്ള വിവിധ തെറാപ്പികൾ, അഡ്വാൻസ്ഡ് ഇലക്ട്രോതെറാപ്പി എന്നിങ്ങനെ എല്ലാവിധ ഫിസിയോതെറാപ്പി സംവിധാനങ്ങളുമാണ് യൂനിറ്റിൽ ഒരുക്കിയിരിക്കുന്നത്. ഭാഷയുടെ ഉപയോഗത്തിലും വ്യാഖ്യാനത്തിനുമുള്ള പ്രയാസങ്ങൾ, കുട്ടികളിൽ സംസാരത്തിന് നേരിടുന്ന പ്രയാസങ്ങൾ, ഞരമ്പ് പക്ഷാഘാതം മൂലമുണ്ടാകുന്ന സംസാര പ്രയാസങ്ങൾ, പഠനവൈകല്യങ്ങൾ, വിക്ക്, ഓട്ടിസം, ശബ്ദ വൈകല്യങ്ങൾ, ശ്രവണ സഹായി ഉപയോഗിക്കുന്നതിനൊപ്പമുള്ള തെറാപ്പികൾ എന്നിവ സ്പീച്ച് തെറാപ്പി വിഭാഗത്തിലും നടക്കും. ഇതോടെപ്പം രക്ഷിതാക്കൾക്കുള്ള പ്രത്യേക കൗൺസിലിങ്ങും പരിശീലനവും സംഘടിപ്പിക്കും. ഭിന്നശേഷിക്കാർ, ശരീരം തളർന്നവർ, ഓട്ടിസം ബാധിതർ എന്നിവർക്കായി അലിവ് ആരംഭിക്കുന്ന കെയർ ഹോം ഉടനെ പ്രവർത്തനം ആരംഭിക്കും.
ഉദ്ഘാടന ചടങ്ങ് ഒൺലൈനിലൂടെ ലൈവായി വീക്ഷിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അലിവ് ഡയാലിസിസ് സെൻറർ, നിത്യരോഗികൾക്ക് മാസാന്തം മരുന്ന് സഹായം നൽകുന്ന മെഡിക്കൽ കെയർ, കാൻസർ രോഗികൾക്കായുള്ള 'കരുണാമൃതം' പദ്ധതി, സൗജന്യ ആംബുലൻസ് സർവിസ് എന്നിവയാണ് നിലവിലുള്ള സംരംഭങ്ങൾ. വാർത്താസമ്മേളനത്തിൽ അലിവ് റിയാദ് ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് ടി. വേങ്ങര, ജനറൽ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് എ.പി. നാസർ കുന്നുംപുറം, ജനറൽ സെക്രട്ടറി നജ്മുദ്ദീൻ അരീക്കൻ, അഷ്‌റഫ് ടി.ടി. വേങ്ങര, നൗഷാദ് ചക്കാല, എം.ഇ. സഫീർ, എം.കെ. നവാസ്, ടി. മുസ്താഖ് വേങ്ങര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.