നിയമക്കുരുക്കിലായ രാജു അയ്യപ്പന് അൽഖർജ് കെ.എം.സി.സി തുണയായി
text_fieldsറിയാദ്: സ്പോൺസറുമായുണ്ടായ തൊഴിൽ തർക്കത്തെ തുടർന്ന് ദുരിതത്തിലായ പാലക്കാട് മാരായമംഗലം സ്വദേശി രാജു അയ്യപ്പൻ അൽഖർജ് കെ.എം.സി.സിയുടെ സഹായത്തോടെ നാടണഞ്ഞു. നാട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന രാജു കുടുംബത്തെ കരകയറ്റാമെന്ന മോഹവുമായാണ് 14 വർഷം മുമ്പ് ഖർജിലെത്തിയത്. അഞ്ചു വർഷം മുമ്പ് നാട്ടിൽപോയി തിരിച്ചെത്തിയ രാജു ഓടിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതോടെ സ്പോൺസർ ഇടഞ്ഞു. ഭാഗിക ഇൻഷുറൻസ് മാത്രമുണ്ടായിരുന്ന വാഹനത്തിന് രാജു വരുത്തിവെച്ച നഷ്ടം നികത്തണമെന്ന് സ്പോൺസർ ശാഠ്യം പിടിച്ചതോടെ കുഴങ്ങി. തർക്കങ്ങൾക്കിടയിൽ ഇഖാമ കാലാവധി അവസാനിച്ചു. നാട്ടിൽ പോകാനുള്ള ഔട്ട് പാസിനായി ഇന്ത്യൻ എംബസിയെ സമീപിച്ചപ്പോൾ സ്പോൺസർ നൽകിയ കേസ് ഉണ്ടെന്നറിഞ്ഞു മടങ്ങി.
തുടർന്ന് അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടിയുടെയും ടൗൺ കെ.എം.സി.സി ചെയർമാൻ ബഷീർ ഫവാരിസിന്റെയും നേതൃത്വത്തിൽ സ്പോൺസറുമായി നിരന്തരം സംസാരിച്ചു പരാതിപ്പെട്ട തുക ഗണ്യമായി കുറച്ചു. ടൗൺ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്പോൺസറുടെ നഷ്ടം നികത്താനുള്ള പണം കണ്ടെത്തി കേസ് പിൻവലിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ട്രഷറർ റിയാസ് തിരൂർക്കാടിന്റെ നേതൃത്വത്തിൽ ഔട്ട് പാസും തരപ്പെടുത്തി. അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എയർ ടിക്കറ്റ് സൗജന്യമായി നൽകി. തന്നെ ദുരിതക്കയത്തിൽനിന്നും കരകയറ്റിയ അൽഖർജ് കെ.എം.സി.സി പ്രവർത്തകരോട് രാജു ഈറനണിഞ്ഞ കണ്ണുകളാൽ യാത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.