അൽഖർജ് കെ.എം.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: അൽഖർജ് ടൗൺ കെ.എം.സി.സി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊളത്തൂർ പതാക ഉയർത്തി. കച്ചവടത്തിനെന്ന വ്യാജേന സമ്പൽസമൃദ്ധമായ ഭാരത ഭൂമിയിൽ നുഴഞ്ഞുകയറി രാജ്യത്തിന്റെ സമ്പത്തു കൊള്ളയടിക്കുകയും സ്വദേശികളെ അടിമകളാക്കുകയും ചെയ്ത സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഒരു ജനതയുടെ ഇച്ഛാശക്തിക്കു മുന്നിൽ മുട്ടുമടക്കിയ ദിനത്തിന്റെ ഓർമകൾ മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമാകണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഇനിയും പാരതന്ത്ര്യത്തിലേക്ക് നാം നയിക്കപ്പെട്ടുകൂടാ. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മതമില്ലാത്തവനുമൊക്കെ തുല്യാവകാശത്തോടെ ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ മധു നുകരേണ്ടതുണ്ടെന്നും തോളോടുതോൾ ചേർന്ന് ഭാരതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി യത്നിക്കാൻ ഓരോരുത്തരും ഉത്സാഹിക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനറൽ സെക്രട്ടറി ഇക്ബാൽ അരീക്കാടൻ പറഞ്ഞു. ഫസ്ലു ബീമാപ്പള്ളി ദേശീയ ഗാനം ആലപിച്ചു. തുടർന്ന് നടത്തിയ പായസ വിതരണത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
യൂനുസ് മന്നാനി, സിദീഖ് അലി പാങ്, ഫൗസാദ് ലാക്കൽ, ഹമീദ് പാടൂർ, വി.പി. അമീർ, സമീർ പാറമ്മൽ, മുഖ്ത്താർ അലി, സലിം ചെർപ്പുളശ്ശേരി, നൂറുദ്ദീൻ കൊളത്തൂർ, ബഷീർ ആനക്കയം, ഫൈസൽ ദാറുസ്സലാം, നൂറുദ്ധീൻ കളിയാട്ടുമുക്ക്, ഇക്ബാൽ നാദാപുരം, സകീർ തലക്കുളത്തൂർ, ജാബിർ ഫൈസി, സാബിത് ചേളാരി, ഫൈസൽ ആനക്കയം, നൗഷാദ് സാറ്റെക്സ്, സമീർ ആലുവ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.