രാജ്യത്തെ എല്ലാവിഭാഗം മാധ്യമങ്ങളും ഒരു കുടക്കീഴിൽ
text_fieldsജിദ്ദ: അച്ചടി, ദൃശ്യ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ അറിയിച്ചു. ഇതുസംബന്ധിച്ച വ്യവസ്ഥകൾക്ക് സൗദി മന്ത്രിസഭായോഗം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. നേരത്തേയുണ്ടായിരുന്ന ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ എന്ന സ്ഥാപനമാണ് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ ആക്കി മാറ്റിയത്. ‘വിഷൻ 2030’ പ്രവർത്തന പദ്ധതിയുടെ ഭാഗമാണ് എല്ലാ വിഭാഗം മാധ്യമങ്ങളെയും ഒരു കുടക്കീഴിലാക്കുന്നത്.
മാധ്യമ മേഖലയെ സംഘടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഉത്തരവാദ സ്ഥാപനങ്ങളായി മാറ്റുന്നതിനുമാണ് ഇത്. പുതിയ വ്യവസ്ഥകൾ അനുസരിച്ച് അതോറിറ്റിയുടെ റോളുകളും ചുമതലകളും വിപുലീകരിച്ചിട്ടുണ്ട്.
ഇതോടെ മാധ്യമങ്ങൾക്കുമേൽ ഉത്തരവാദിത്തമുള്ള ആധികാരിക മേൽനോട്ട സംവിധാനമായി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ മാറി. മാധ്യമങ്ങൾക്ക് മേൽ അതോറിറ്റിയുടെ നിരന്തര നിരീക്ഷണവും നിയന്ത്രണവുമുണ്ടാവും. അച്ചടി, ദൃശ, ശ്രാവ്യ മാധ്യമങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ മീഡിയ ഉള്ളടക്കങ്ങളുടെയും ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കും.
‘വിഷൻ 2030’ന്റെ പോഷക ഘടകങ്ങളിലൊന്നായി രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനും അതിന്റെ വികസനം ഉറപ്പാക്കുന്നതിനുമാണ് അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ വിപുലീകരിച്ചിരിക്കുന്നത്. മാധ്യമ പ്രതിഭകൾക്ക് ശ്രദ്ധ നൽകുക, പരിശീലനത്തിലൂടെയും വികസന പരിപാടികളിലൂടെയും സൗദി യുവാക്കളുടെ പങ്ക് ശാക്തീകരിക്കുക, നടപടിക്രമങ്ങൾ സുഗമമാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നൽകുകയും ചെയ്തുകൊണ്ട് മാധ്യമ മേഖലയിലെ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവ അതോറിറ്റിയുടെ ഉത്തരവാദിത്തത്തിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.