ഐ എസിനെതിെര സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും -സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ഐ എസിനെതിരായ അന്താരാഷ്ട്ര സഖ്യത്തെ പിന്തുണക്കുന്നതിനും അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും കുട്ടികളെയും യുവാക്കളെയും റിക്രൂട്ട് ചെയ്യാനുള്ള അവരുടെ ശ്രമങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാവരുമായും സഹകരിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.ഐ എസിനെതിരായി അമേരിക്കയുമായി സഹകരിച്ച് സൗദിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സഖ്യത്തിന്റെ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷ, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയോടൊപ്പം തീവ്രവാദത്തെയും അതിന്റെ ഗ്രൂപ്പുകളെയും പ്രത്യയശാസ്ത്രത്തെയും നേരിടാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. തീവ്രവാദത്തെ വേരോടെ പിഴുതെറിയാനുള്ള ഏകോപിത ശ്രമങ്ങൾ തുടരും.
സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. ഐ എസിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയേണ്ടത് ആവശ്യമാണ്. ഭീകരവാദത്തെയും തീവ്രവാദ ആശയങ്ങളെയും ചെറുക്കുന്നതിന് നിരവധി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ രാജ്യം ആഗ്രഹിക്കുന്നു. ഐ എസ് ഗ്രൂപ്പുകൾക്ക് വിജയിക്കാനും പുതിയ അംഗങ്ങളെ ആകർഷിക്കാനുമുള്ള വഴി തടയുന്നതിനുള്ള പ്രവർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള സെന്റർ (ഇറ്റിഡൽ) സൗദിയിൽ ആരംഭിച്ചിട്ടുണ്ട്.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടത്തിന് സഹിഷ്ണുതയിലും സുസ്ഥിര വികസനത്തിലും അധിഷ്ഠിതമായ ജീവനുള്ള മാതൃക അവതരിപ്പിച്ചുകൊണ്ട് മനസ്സിനെയും ഹൃദയങ്ങളെയും ആകർഷിക്കേണ്ടതുണ്ടെന്നും ഇത് രാജ്യത്തിന്റെ വിഷൻ 2030 പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഐ എസിനെ പരാജയപ്പെടുത്തുന്നതിനും തീവ്രവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യുന്നതിനുമുള്ള അമേരിക്കയുടെ പ്രതിബദ്ധത യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യോഗത്തിൽ ആവർത്തിച്ചു. എന്നിരുന്നാലും, അഫ്ഗാനിസ്താനിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഐ എസ് ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംയുക്ത സഖ്യത്തിന് സൗദി അറേബ്യ നൽകിയ മഹത്തായ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 2014ൽ സഖ്യം ആരംഭിച്ചതിനുശേഷം ഇതുവരെ 86 രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ ഐ എസ് തീവ്രവാദികളെ ക്യാമ്പുകളിൽ നിർത്തുന്നത് അവരുടെ പുനരുജ്ജീവനത്തിന് കാരണമായേക്കാമെന്നും എല്ലാ വിദേശ തീവ്രവാദികളെയും അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇവരെ പുനരധിവസിപ്പിക്കാനുള്ള തന്റെ രാജ്യത്തിന്റെ സന്നദ്ധതയും ആന്റണി ബ്ലിങ്കൻ എടുത്തുപറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് 148.7 മില്യൺ ഡോളറിന്റെ യു.എസ് സംഭാവന ബ്ലിങ്കൻ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.