മുഴുവൻ പൊതുമേഖല ജീവനക്കാരും ഇന്നു മുതൽ ഒാഫിസുകളിൽ ഹാജർ
text_fieldsജിദ്ദ: സൗദി അറേബ്യയിലെ മുഴുവൻ പൊതുമേഖല ജീവനക്കാരും ഞായറാഴ്ച മുതൽ ജോലിസ്ഥലത്ത് ഹാജരാവും.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒാഫിസുകളിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് പൊതുമേഖല ജീവനക്കാർക്ക് നേരത്തേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആ നിയന്ത്രണങ്ങളിൽ ഘട്ടങ്ങളായാണ് ഇളവുവരുത്തിയത്. ഒടുവിൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കി യാണ് മുഴുവൻ ജീവനക്കാരോടും ജോലിസ്ഥലങ്ങളിൽ ഹാജരാകാൻ ഉത്തരവുണ്ടായത്. ഇത് സംബന്ധിച്ച സർക്കുലർ കഴിഞ്ഞാഴ്ചയാണ് മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ് അൽരാജിഹി പുറപ്പെടുവിച്ചത്.
നിയന്ത്രണങ്ങൾ നീക്കിയാലും കർശനമായ ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ നിലവിലുണ്ട്. അത് പൂർണമായും പാലിച്ചുകൊണ്ട് മാത്രമേ ജോലിസ്ഥലത്ത് ഹാജരാകാൻ പാടുള്ളൂ. ഫ്ലക്സിബ്ൾ ജോലി സമയം എന്ന രീതി തുടരും. ഒാഫിസുകളിൽ ഹാജരിന് വിരലടയാളം പതിക്കുന്ന സംവിധാനം പ്രവർത്തിപ്പിക്കാൻ പാടില്ല. അതിന് നിശ്ചയിച്ച വിലക്ക് തുടരും. രോഗം പകരാൻ സാധ്യതയുള്ള പ്രതിരോധശേഷി കുറഞ്ഞവർ ജോലിക്കെത്താൻ പാടില്ല. ഇത്തരത്തിൽ നേരിട്ട് ഒാഫിസിൽ ഹാജരാവാതെ വിദൂര ജോലി സംവിധാനത്തിൽ തുടരണ്ടേവർ ആരെന്ന് നിശ്ചയിക്കാനുള്ള അധികാരം അതത് വകുപ്പ് മേധാവികൾക്കാണ്.
എന്നാൽ, അങ്ങനെയുള്ളവരുടെ അനുപാതം ആകെ ജീവനക്കാരുടെ 25 ശതമാനത്തിൽ കൂടരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.ലോക്ഡൗണിനുശേഷം ആദ്യം 50 ശതമാനം ജീവനക്കാർക്കായിരുന്നു ജോലി സ്ഥലത്തെത്താൻ അനുമതി നൽകിയിരുന്നത്. പിന്നീടത് 76 ശതമാനമാക്കി ഉയർത്തിയിരുന്നു. അങ്ങനെ എത്തുന്നവരെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് മൂന്ന് സമയങ്ങളായി നിശ്ചയിച്ചാണ് ജോലിസ്ഥലത്ത് പ്രവേശിപ്പിച്ചിരുന്നത്. ആദ്യ സംഘത്തിന് രാവിലെ 7.30നും രണ്ടാമത്തെ സംഘത്തിന് രാവിലെ 8.30നും മൂന്നാം ഗ്രൂപ്പിന് രാവിലെ 9.30നുമായിരുന്നു സമയം നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.