അന്തിമ ഫയലിൽ കിരീടാവകാശി ഒപ്പുവെച്ചത് തിങ്കളാഴ്ച
text_fieldsറിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലവുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി അന്തിമ നോമിനേഷൻ ഫയലിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒപ്പുവെച്ചത് തിങ്കളാഴ്ച.
ഭാവി സംബന്ധിച്ച തങ്ങളുടെ എല്ലാ അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ഒരു ചുവടുവെപ്പാണിതെന്ന് രാജ്യം പ്രഖ്യാപിക്കുകയും ചെയ്തു. ശേഷമാണ് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിയും സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽമിസ്ഹലിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധിസംഘം ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തി നോമിനേഷൻ ഫയൽ ഫിഫക്ക് സമർപ്പിച്ചത്.
കായിക മേഖലക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണക്ക് മന്ത്രി നന്ദിയും കടപ്പാടും അറിയിച്ചു. 48 ടീമുകളായി വിപുലീകരിച്ച് പുതിയൊരു ചരിത്രത്തിലേക്ക് കടക്കുന്ന ലോകകപ്പിന് തന്നെ വേദിയാകാൻ കഴിഞ്ഞാൽ അത് ഇരട്ടി മധുരമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ‘വിഷൻ 2030’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫുട്ബാളിന്റെ മഹത്തായ ആഘോഷത്തിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ തയാറായ ഒരു രാ ഷ്ട്രമാണ് സൗദി അറേബ്യയെന്ന് ലോകകപ്പ് ഫയൽ നടപടികൾ ഒദ്യോഗികമായി പൂർത്തീകരിച്ചതായി അറിയിച്ചു കൊണ്ട് സൗദി ഫുട്ബാൾ ഫെഡറേഷൻ ‘എക്സി’ൽ പബ്ലിഷ് ചെയ്ത പോസ്റ്റിൽ പറഞ്ഞു.
ഫിഫ പ്രതിനിധി സംഘം ഉടൻ സൗദി അറേബ്യ സന്ദർശിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാണ് സന്ദർശനം. ലോകകപ്പ് നടത്തിപ്പിനാവശ്യമായ സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും മറ്റ് തയാറെടുപ്പുകളും സംഘം പരിശോധിക്കും. ഇതിന്റെ മുന്നോടിയായി സ്റ്റേഡിയം ഒരുക്കൽ, നിലവിലെ സ്റ്റേഡിയങ്ങളുടെ വിപുലീകരണം, പുതിയ സ്റ്റേഡിയങ്ങളുടെ പ്രഖ്യാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സൗദി കായിക മന്ത്രാലയത്തിനും സൗദി ഫുട്ബാൾ ഫെഡറേഷനും കീഴിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.