ഇരുഹറമുകളും പൂർണ സജ്ജം
text_fieldsജിദ്ദ: റമദാനിൽ ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കാൻ ഇരുഹറമുകളും സജ്ജമായി. ഈ സമയത്തെ വർധിച്ച തിരക്ക് കണക്കിലെടുത്ത് തീർഥാടകരെ സ്വീകരിക്കാൻ വിപുല സൗകര്യമാണ് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. മേഖല ഗവർണർമാർ ഹറമുകളിലെത്തി റമദാൻ പദ്ധതികളും തീർഥാടകർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതും വിസാനടപടികൾ ലളിതമാക്കിയതും കാരണം ഇത്തവണ റമദാനിൽ പതിവിലും കൂടുതൽ പേർ ഉംറക്കും മദീന സന്ദർശനത്തിനുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ വകുപ്പുകൾ റമദാനിലേക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തിരക്ക് കുറക്കാൻ വേണ്ട സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലെ മുഴുവൻ കവാടങ്ങളും തുറന്നിടാനും നമസ്കാരത്തിന് നിർമാണ ജോലികൾ പൂർത്തിയായ ഭാഗങ്ങൾ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ബുക്കിങ് നടത്തിയിരിക്കണമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. മക്കയിലും മദീനയിലും താമസസൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്.
റമദാനിൽ ഹറമിലെത്തുന്നവർക്ക് എല്ലാ സേവനങ്ങളും ഒരുക്കിയതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കാൻ ഇരുഹറമുകളും പൂർണ സജ്ജമാണ്. ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും എല്ലാ സ്ഥലങ്ങളും സജ്ജമാക്കുകയും ഇവിടങ്ങളിൽ ആവശ്യമായ സേവനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ലിഫ്റ്റുകൾ, ശബ്ദം, വെളിച്ചം, മറ്റു സാങ്കേതിക, സേവന, എൻജിനീയറിങ് സംവിധാനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അവബോധവും മാർഗനിർദേശങ്ങളും നൽകുന്നതിനും തയാറാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സേവനങ്ങളുടെ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഒരു പ്രത്യേക സംഘം മേൽനോട്ടം വഹിക്കും. ഫീൽഡിൽ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധ, സേവനങ്ങൾ നൽകുന്നതിന് വേണ്ട ഉപകരണങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. ഇരുഹറം കാര്യാലയത്തിനു കീഴിലെ ഏജൻസികളും ഉപ ഏജൻസികളും അവരുടെ വകുപ്പുകളും യൂനിറ്റുകളും മികച്ച സേവനങ്ങൾ നൽകുന്നതിന് രംഗത്തുണ്ടാകും. തീർഥാടകർക്ക് ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനത്തിന് ശ്രമിക്കുന്നുണ്ടെന്നും ഡോ. അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.