മുഴുവൻ തീർഥാടകരും എത്തി, ഇന്ത്യൻ ക്യാമ്പ് സർവ സജ്ജം
text_fieldsമക്ക: ഇന്ത്യയിൽ നിന്നുള്ള അവസാന തീർഥാടകരെയും വഹിച്ചുള്ള വിമാനം ഞായറാഴ്ച വൈകീട്ടോടെ ജിദ്ദ ഹജ്ജ് ടെർമിനലിൽ ഇറങ്ങി. മുംബൈയിൽ നിന്ന് 113 തീർഥാടകരാണ് അവസാന വിമാനത്തിൽ സൗദിയിൽ എത്തിയത്. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 56,637 തീർഥാകരാണ് ഹജ്ജ് നിർവഹിക്കാൻ ഇത്തവണ എത്തിയത്.
190 വിമാനങ്ങളിലായാണ് മുഴുവൻ തീർഥാടകരെയും സൗദിയിൽ എത്തിച്ചത്. മദീന വഴിയെത്തിയ മുഴുവൻ തീർഥാടകരുടെയും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയിട്ടുണ്ട്. വിവിധ ആശുപത്രികളിലുള്ള നാല് തീർഥാടകര്‍ മാത്രമാണ് ഇനി മദീനയിൽ അവശേഷിക്കുന്നത്. ഇവരെ ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ എത്തിക്കും.
ഹജ്ജിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി ഇന്ത്യൻ ഹജ്ജ് മിഷൻ പൂർണസജ്ജമാണ്. ബുധനാഴ്ച രാത്രിയാണ് ഹാജിമാർ മിനായിലേക്ക് നീങ്ങുക. ഇന്ത്യൻ ഹാജിമാരെ നയിക്കാനായി 370 ഖാദിമുൽ ഹുജാജുമാരും (നാട്ടിൽ നിന്നും വന്ന സംസ്ഥാന കമ്മിറ്റി വളന്റിയർമാർ) 387 മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 750 ഓളം ഉദ്യോഗസ്ഥരാണുള്ളത്. ഹജ്ജിന് പുറപ്പെടും മുമ്പ് ഇവർക്കുള്ള നിർദേശങ്ങൾ നൽകാൻ ഇന്ത്യൻ കോൺസൽ ജനറൽ ശാഹിദ് ആലമിന്റെ നേതൃത്വത്തിൽ യോഗങ്ങൾ നടക്കുന്നു.
ഹാജിമാർക്കുള്ള ബലി കൂപ്പണുകൾ നാട്ടിൽനിന്ന് എത്തിയ വളന്റിയർമാർ വഴി ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ഇത്തവണ 809 റിയാലാണ് ബലിക്കായി ഹാജിമാരിൽ നിന്നും ഈടാക്കിയത്. നാട്ടിൽ നിന്നും ബലികൂപൺ ഓപ്റ്റ് ചെയ്യാത്തവർക്ക് ഖാദിമുൽ ഹുജാജുമാർ വഴി പണമടച്ചാൽ കൂപണുകൾ ലഭ്യമാണ്. മഷാഈര്‍ മെട്രോ ടിക്കറ്റുകൾ വരുംദിവസങ്ങളിലും വിതരണം നടത്തും. ഇന്ത്യയിൽനിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം തിങ്കളാഴ്ച എത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെർമാന്റെ നേതൃത്വത്തിൽ ആണ് സംഘം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.