പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിൽ അംഗത്വമുണ്ടായിട്ടും പെന്ഷൻ നിഷേധിക്കുന്നെന്ന് ആക്ഷേപം
text_fieldsറിയാദ്: പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വമെടുത്ത് പെൻഷന് കാത്തിരിക്കുന്നവർക്കിപ്പോൾ ദുരിതപർവമാണെന്ന് ആക്ഷേപം. പെൻഷൻ പ്രായമെത്തി പ്രതിമാസ പെൻഷൻ ലഭിക്കാൻ അപേക്ഷ നൽകുമ്പോൾ ചില നൂലാമാലകളിൽ കുടുങ്ങി അത് തടയപ്പെടുകയാണത്രെ. അവിചാരിത കാരണങ്ങളാൽ അംശാദായം അടക്കുന്നത് മുടങ്ങിപ്പോകുകയും പിന്നീട് പിഴയടക്കം അടച്ച് പുതുക്കാൻ ശ്രമിക്കുകയും ചെയ്ത ചിലരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സൗദി അറേബ്യയില്‍ 24 വര്‍ഷം ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയപ്പോൾ രോഗബാധിതനാവുകയും അംശയാദായം അടക്കുന്നത് തൽക്കാലത്തേക്ക് മുടങ്ങിപ്പോവുകയും ചെയ്തു. നീണ്ടകാലത്തെ ആശുപത്രി ചികിത്സ തുടരുമ്പോൾ തന്നെ മുടങ്ങിയതിൽ കുറച്ച് പിഴയടക്കം ചേർത്ത് അടച്ചു. കുറച്ചുനാളുകൾക്കുശേഷം ബാക്കി കുടിശിക കൂടി ഓണ്‍ലൈനില്‍ അടയ്ക്കാൻ നോക്കുമ്പോള്‍ 60 വയസ്സ് കഴിഞ്ഞതിനാല്‍ അംഗത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്ന മെസേജാണ് ലഭിച്ചതത്രെ.
ഇക്കാര്യം ചുണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും അവിടെനിന്നും നോർക സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിച്ച് നോർക സെക്രട്ടറി വെല്‍ഫയര്‍ ബോര്‍ഡ് സി.ഇ.ഒക്ക് അയച്ചുകൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു തീരുമാനമായിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു.
വെല്‍ഫയര്‍ ബോര്‍ഡ് ചെയര്മാന് കെ.വി. അബ്ദുല്‍ഖാദറിനെ ബന്ധപ്പെട്ട പരാതിക്കാരന് താങ്കള്‍ മതിയായ തുക അടച്ചിട്ടില്ലെന്നും 63 വയസ്സായതിനാൽ അംഗത്വം പുതുക്കി നല്കാന് കഴിയില്ലെന്നുമുള്ള മറുപടിയാണ് നൽകിയത്. സി.ഇ.ഒക്കോ ചെയര്‍മാനായ തനിക്കേുപോലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിയമസഭ കൂടി നിയമത്തില്‍ മാറ്റം വരുത്തിയാലെ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നുമാണ് അദ്ദേഹം അറിയിച്ചതത്രെ.
അതേ സമയം നിയമാവലിയില്‍ ‘അംഗത്വം നഷ്ടപ്പെടലും പുനഃസ്ഥാപിക്കലും’ എന്ന വകുപ്പില്‍ പറയുന്നത് ‘എന്നാല്‍ അംശാദായം അടക്കാതിരുന്നത് ന്യായമായ കാരണങ്ങളാലാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഓഫീസര്‍ക്കോ ബോധ്യപ്പെടുകയും നാളിതുവരെയുള്ള കുടിശ്ശിക സര്‍ക്കാര്‍ അധികാരത്തോടെ ബോര്‍ഡ് തീരുമാനിക്കുന്ന പലിശയും പിഴപ്പലിശയും ചേർത്ത് പൂർണമായി അടച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്താല്‍ പ്രത്യേക ഉത്തരവു പ്രകാരം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ക്കോ അദ്ദേഹം അധികാരപ്പെടുത്തുന്ന മേഖല/ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്കോ അംഗത്വം പുതുക്കി നല്‍കാവുന്നതാണ്’ എന്നാണ്.
എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ വെൽഫെയർ ബോർഡ് അധികൃതർ കൈമലർത്തുകയാണത്രെ. ഇതേ വിഷയം പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്ററിന്റെ ഖജാന്‍ജി തല്ഹത് പൂവച്ചല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചപ്പോഴും സാധിക്കില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. 60 വയസ് കഴിഞ്ഞാല്‍ കൊടുക്കാന്‍ പറ്റില്ലെങ്കില്‍ 59-ാം വയസില്‍ പദ്ധതിയിൽ ചേരുന്നയാള്‍ക്ക് 64-ാം വയസ്സില്‍ പെന്ഷന് കൊടുക്കുന്നത് എങ്ങനെ യുക്തിസഹമാവും എന്ന ചോദ്യത്തിന് മറുപടിയില്ലെന്നും പരാതിക്കാരൻ പറയുന്നു.
സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുകയും ഇത്തരത്തില്‍ ന്യായമായ കാരണങ്ങളാല്‍ അംഗത്വം പുതുക്കാന്‍ കഴിയാത്തവര്‍ക്ക് അത് പുതുക്കി നല്‍കാനുള്ള ഉത്തരവ് നല്‍കുകയും വേണമെന്ന് സമാനമായ പ്രശ്നത്തിൽപ്പെട്ടവരുടെ എല്ലാം ആവശ്യം. വിവിധ അദാലത്തുകള്‍ തുടങ്ങുന്ന ഈ അവസരത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കേണ്ടതാണെന്ന് സാമൂഹികപ്രവർത്തകരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.