നേതാക്കളുടെ പുറത്താക്കലിനു പിന്നിൽ ഇടതുവിരുദ്ധ ശക്തികളുമായുള്ള കൂട്ടുകെട്ട് -ഐ.എം.സി.സി
text_fieldsജിദ്ദ: മഹ്ബൂബെ മില്ലത്തിന്‍റെ മരണശേഷം ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടാത്ത കമ്മിറ്റി കൈക്കൊണ്ട പുറത്താക്കൽ തീരുമാനങ്ങളെ അവജ്ഞയോടെ തള്ളുന്നതായി ഐ.എം.സി.സി ജിദ്ദ കമ്മിറ്റി. പൊതുമണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളെ നിരന്തരം വാർത്തകൾ സൃഷ്ടിച്ച് ഇകഴ്ത്തിക്കാണിക്കുന്നതിനു മാത്രമാണ് ഇത്തരം നടപടികൾ.
പാർട്ടിയെയും പ്രത്യേകിച്ച്, ഇടതുമുന്നണിയെയും തകർക്കുന്നതിനുള്ള ഗൂഢലക്ഷ്യങ്ങളും നടപടികൾക്കു പിന്നിലുണ്ട്. പ്രഫ. സുലൈമാനും വിരലിൽ എണ്ണാവുന്ന ചിലരും മാത്രമാണ് ഇത്തരം കാര്യങ്ങൾക്ക് ചൂട്ടുപിടിക്കുന്നത്. ഇതിനു പാർട്ടി ഭരണഘടനപ്രകാരം നിയമസാധുതയില്ല. പ്രത്യേകിച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാനോ അതിന്‍റെ ഉത്തരവാദപ്പെട്ട നേതാക്കൾക്കെതിരെ നടപടി കൈക്കൊള്ളാനോ ഉള്ള അധികാരം ഭരണഘടന ഈ കമ്മിറ്റിക്കു നൽകുന്നില്ല. അച്ചടക്ക നടപടികൾ കൈക്കൊള്ളേണ്ട രീതികളെക്കുറിച്ചും ദേശീയസമിതിയും കൗൺസിലും ചേരുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും വ്യക്തമായി പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്.
ഇതെല്ലാം കാറ്റിൽപറത്തി ഈ തട്ടിക്കൂട്ട് കമ്മിറ്റി കൈക്കൊണ്ട നടപടികൾ പൂർണമായും തള്ളിക്കളയുന്നതായി ഐ.എം.സി.സി ജിദ്ദ കമ്മിറ്റി അറിയിച്ചു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായി മനസ്സിലാക്കിക്കൊണ്ട് സംസ്ഥന പ്രസിഡന്‍റ് പ്രഫ. അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ജിദ്ദ ഐ.എം.സി.സി പരിപൂർണ പിന്തുണ നൽകുന്നതായും കമ്മിറ്റി അറിയിച്ചു. യോഗത്തിൽ എം.എം. മജീദ്, ഷാജി അരിമ്പ്രത്തൊടി, സി.എച്ച്. ജലീൽ, ഇബ്രാഹിം വേങ്ങര, ഇസ്ഹാഖ് മാരിയാട്, ലുക്മാൻ തിരൂരങ്ങാടി, കുഞ്ഞ് ഒതുക്കുങ്ങൽ, സദഖത് കടലുണ്ടി, സഹൽ കാളമ്പ്രാട്ടിൽ, ഷാജി കൊണ്ടോട്ടി, മുഹമ്മദ്കുട്ടി തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. എ.പി.എ. ഗഫൂർ സ്വാഗതവും മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.