മക്കയിൽ ‘അൽമനാർ’ പാർപ്പിട പദ്ധതിക്ക് റോഷൻ ഗ്രൂപ് തറക്കല്ലിട്ടു
text_fieldsറിയാദ്: സൗദി പൊതുനിക്ഷേപ ഫണ്ട് കമ്പനികളിലൊന്നായ റോഷൻ ഗ്രൂപ് മക്കയിലെ ആദ്യത്തെ സംയോജിത റസിഡൻഷ്യൽ കമ്യൂണിറ്റിയായ ‘അൽമനാർ’ പദ്ധതിക്ക് തറക്കല്ലിട്ടു.
ഹറമിൽനിന്ന് 20 മിനിറ്റും ജിദ്ദ വിമാനത്താവളത്തിൽനിന്ന് ഒരു മണിക്കൂറിൽ താഴെയും മക്കയുടെ പടിഞ്ഞാറൻ കവാടത്തിൽനിന്ന് രണ്ട് മിനിറ്റും ദൂരം മാത്രമാണ് പദ്ധതി സ്ഥലത്തേക്കുള്ളത്. പ്രദേശത്തിന്റെ പൈതൃകത്തെ അടിസ്ഥാനപ്പെടുത്തിയാണ് പാർപ്പിട പദ്ധതിയുടെ രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് വളരെ വ്യതിരിക്തമാണ്.
‘അൽമനാർ’ പദ്ധതി 21 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നുവെന്ന് റോഷൻ ഗ്രൂപ് ആക്ടിങ് സി.ഇ.ഒ ഡോ. ഖാലിദ് ജൗഹർ വിശദീകരിച്ചു. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 150ലധികം സേവന സ്ഥാപനങ്ങൾക്ക് പുറമെ 33,000 ത്തിലധികം ഭവന യൂനിറ്റുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് സി.ഇ.ഒ പറഞ്ഞു. മക്കയിലെ റോഷൻ ഗ്രൂപ്പിന്റെ ആദ്യത്തെ സംയോജിത പദ്ധതിയാണ് ‘അൽമനാർ’ കമ്യൂണിറ്റിയെന്നും ഇത് നഗരത്തിന്റെ പടിഞ്ഞാറൻ കവാടത്തിൽ ഹറം അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്നുവെന്നും മക്ക, മശാഇർ റോയൽ കമീഷൻ സി.ഇ.ഒ എൻജിനീയർ സാലിഹ് അൽ റഷീദ് പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ നല്ല സ്വാധീനം ചെലുത്തുന്ന നിർദിഷ്ട പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്ന റോയൽ കമീഷനിൽനിന്നുള്ള ഫലപ്രദമായ ഇടപെടലോടും പിന്തുണയോടും കൂടിയാണ് പദ്ധതി വന്നതെന്നും റോയൽ കമീഷൻ സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.