ജിദ്ദയിൽ ഗസലിൻ മാന്ത്രിക പ്രപഞ്ചമൊരുക്കി അലോഷി ആദം
text_fieldsജിദ്ദ: പ്രവാസികളെ ഗസല്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ഗായകൻ അലോഷി ആദം ജിദ്ദയിൽ പാടിത്തിമിർത്തു. ജിദ്ദ നവോദയയുടെ 35ാം വാര്‍ഷികാഘോഷമായ ‘നവോദയോത്സവ് 2024’ൽ നവോദയ കലാവേദി ‘അലോഷി പാടുന്നു’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അലോഷി ഗസലിൻ മാന്ത്രിക പ്രപഞ്ചം തീർത്തത്.
ജിദ്ദ അല്‍ റിഹാബിലെ ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയിൽ അലോഷി ആദം സ്വതസിദ്ധമായ രീതിയിൽ പാടി പ്രേക്ഷകരെ മറ്റൊരു ലോകത്തേക്കെത്തിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ‘നവോദയോത്സവ് 2024’ അരങ്ങേറുന്നത്.
ജിദ്ദയിലെ വിവിധ രാഷ്ട്രീയ, കലാസാംസ്കാരിക സംഘടനാ പ്രതിനിധികളും മാധ്യമപ്രവർത്തകരും മറ്റു കലാപ്രേമികളും തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ അലോഷി പാടിയപ്പോള്‍ ജിദ്ദ സമൂഹം ചേര്‍ന്നു പാടി. പ്രായഭേദമന്യേ ഏവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഗാനങ്ങളിലൂടെ കാണികളുടെ കാതും മനസ്സും ഗൃഹാതുരത്വം നിറയുന്ന ഗാനങ്ങളാണ് കൂടുതലും അലോഷി പാടിയത്.
ബലികുടീരങ്ങളെ, കാനനച്ചായയില് ആട് മേക്കാന്‍ തുടങ്ങിയ പഴയകാല ഗാനങ്ങൾ അലോഷി തന്റെ ശൈലിയില്‍ ആലപിച്ചപ്പോള്‍ സദസ്സ് പഴയ കാലങ്ങളിലൂടെ സഞ്ചരിക്കുകയും ഗാനം അലോഷിയോടൊപ്പം ഏറ്റുപാടുകയും ചെയ്തത് നവ്യാനുഭവമായിരുന്നു. പരിപാടിയിൽ ദിവ്യ മെര്ലിന് മാത്യു, സ്നേഹ സാം എന്നിവര്‍ അണിയിച്ചൊരുക്കിയ ക്ലാസിക്കല്‍ നൃത്തത്തിൽ ദീപിക സന്തോഷ്, മഞ്ജുഷ ജിനു, ഗൗരി നന്ദന, പൂജ പ്രേം, അലീന ബെന്നി, എയിന്ജെല് ബെന്നി, നിവേദിത പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനം നവോദയ ജിദ്ദ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര ട്രഷറര്‍ സി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്റ് ഷിഹാബുദ്ദീന് എണ്ണപ്പാടം, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ജിദ്ദ നവോദയയുടെ ഉപഹാരം രക്ഷാധികാരി സമിതി അംഗം അബ്ദുല്ല മുല്ലപള്ളി അലോഷിക്ക് സമ്മാനിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുജീബ് പൂന്താനം സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.