അൽഉലയിൽ വിസ്മയമായി അമേരിക്കൻ പെയിൻറിങ്
text_fieldsതബൂക്ക്: അൽഉലയിലെ പുരാവസ്തുക്കൾ സംരക്ഷിക്കേണ്ട പ്രാധാന്യം വിളിച്ചോതി അമേരിക്കൻ കലാകാരന്റെ വിസ്മയകരമായ പെയിൻറിങ്. ഡേവിഡ് പോപ്പ എന്ന ചിത്രകാരൻ അൽഉലയിലെ ഒരു പുരാവസ്തുവിന് ചുറ്റും രണ്ട് കൈകൾ കരുതൽ രൂപത്തിൽ വരച്ചുവെച്ച പെയിൻറിങ്ങാണ് ഇങ്ങനെ ശ്രദ്ധേയമായത്. അൽഉല മേഖലയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സൗദി പ്രചാരണത്തിന്റെ ഭാഗമായാണിത്. അൽഉല റോയൽ കമീഷൻ ശ്രദ്ധേയമായ ഈ പെയിൻറിങ്ങും കലാകാരനെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ പ്രശസ്ത ചിത്രകാരനാണ് ഡേവിഡ് പോപ്പ. പിതാവ് ആൽബർട്ട് പോപ്പയാണ് ഡേവിഡ് പോപ്പയിലെ കലാകാരനെ കണ്ടെത്തുന്നതും പ്രോത്സാഹിപ്പിച്ച് വളർത്തുന്നതും.
ന്യൂയോർക്കിലെ ആദ്യത്തെ ഗ്രാഫിറ്റി (ചുവരെഴുത്ത്) ചിത്രകാരന്മാരിൽ പ്രമുഖനാണ് ഡേവിഡ്. ചെറുപ്പത്തിൽ തന്നെ പരമ്പരാഗത ചിത്രരചന പരിശീലിച്ചു. പെയിൻറിങ് സ്റ്റുഡിയോക്ക് പുറത്തേക്ക് ഇറങ്ങി സാഹസിക കലാപ്രവർത്തനം ജീവിതോപാസനയാക്കിയ ചിത്രകാരനാണ്. സ്ട്രീറ്റ് ആർട്ടിലും ആധുനിക ചുവർചിത്രങ്ങളിലും അദ്ദേഹത്തിന് വലിയ അഭിനിവേശമാണുണ്ടായിരുന്നത്.
‘നമ്മുടെ പൈതൃകം, നമ്മുടെ ഉത്തരവാദിത്തം’ എന്ന കാമ്പയിന്റെ ഭാഗമായാണ് ചുവർചിത്രകലയെ പുനരുദ്ധരിക്കാനുള്ള അൽഉല റോൽ കമീഷന്റെ ശ്രമം. മണലിൽനിന്ന് രണ്ട് കൈകൾ ഉയർന്നുവരുന്നതായാണ് ഡേവിഡ് പോപ്പ ഈ പെയിൻറിങ്ങിൽ ചിത്രീകരിച്ചിരിക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സൗദിയിലെ ആദ്യത്തെ സ്ഥലമാണ് അൽഉലയിലെ പൗരാണിക മേഖല. അൽഉലയിൽ ആളുകളുടെ സഹായത്തോടെയാണ് ഡേവിഡ് പോപ്പ ഈ വിസ്മയ ചിത്രം രൂപകൽപന ചെയ്തത്. ഇത്രയും വലിയ കലാസൃഷ്ടികൾ രചിക്കുന്ന ലോകത്തിലെ ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് ഡേവിഡ് പോപ്പ. കാലാതീതമായ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള മണ്ണടക്കമുള്ള പരിസ്ഥിതി സൗഹൃദ പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രം രചിക്കുന്നത്.
‘നമ്മുടെ പൈതൃകം, നമ്മുടെ ഉത്തരവാദിത്തം’എന്ന കാമ്പയിൻ അൽഉലയിലെ യുവതലമുറക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുവെന്ന് അൽഉല റോയൽ കമീഷൻ പറഞ്ഞു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ യുവതലമുറയുടെ പങ്ക് വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യം കൂടി ഇതിൽ പ്രവർത്തിക്കുന്നു.
കുട്ടികളുടെ താൽപര്യം ആകർഷിക്കുന്നതിനും ആകർഷകവും രസകരവുമായ രീതിയിൽ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കളറിങ് പുസ്തകം ഉൾപ്പെടെയുള്ള ഒരു കൂട്ടം ഉപകരണങ്ങൾ കമീഷൻ നൽകുന്നുണ്ട്. ദൈനംദിന ജീവിതത്തിലും നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സാംസ്കാരിക പൈതൃകത്തിന്റെയും പുരാതന പാരമ്പര്യങ്ങളുടെയും അൽഉല റോയൽ കമീഷെൻറ പങ്ക് എടുത്തുകാണിക്കുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.