വിസ്‌മയമായി നിയോം പദ്ധതി പ്രദേശത്തെ ശിലാലിഖിതങ്ങൾ
text_fieldsയാംബു: സൗദി അറേബ്യയുടെ സ്വപ്നനഗര പദ്ധതി 'Neom City 'മേഖലയിലുള്ള പർവതനിരയിലെ ശിലാലിഖിതങ്ങൾ വിസ്‌മയക്കാഴ്ചയായി മാറുന്നു. വടക്കൻ സൗദിയിലെ തബൂക്ക് നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 'ബജ്ദ' പർവതനിരയിലെ 'ഹസ്മ' കുന്നിലാണ് അപൂർവ ശിലാ ലിഖിതങ്ങളുള്ള പാറകളുള്ളത്. ചരിത്രത്തിെൻറ ഒരു തുറന്ന മ്യൂസിയംപോലെയാണ് സന്ദർശകർക്ക് ഇവിടം അനുഭവപ്പെടുക.
ശിലായുഗത്തെ ലിഖിതങ്ങളും പുരാതന ഇസ്ലാമിക വാസ്തു ശിൽപകലകളും അറബ് ഭാഷയുടെ പൗരാണിക ലിഖിത രീതികളുടെയും നാൾവഴികളും ചരിത്രാന്വേഷകർക്ക് ഇവിടെനിന്ന് പകർന്നുകിട്ടും. ശിലായുഗത്തിലേതെന്ന് തോന്നുന്ന എഴുത്തുരൂപങ്ങളാണ് പാറകളിൽ കൊത്തിവെച്ചവയിൽ ഏറെയും. പൗരാണിക സംസ്കാരവും നാഗരികതയും മനസ്സിലാക്കാൻ വഴിയൊരുക്കുന്ന ലിഖിതശേഖരങ്ങൾ സന്ദർശകർക്ക് അവാച്യമായ കാഴ്ചാനുഭവം നൽകും. സൗദിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ അബ്ദുൽ ഇലാഹ് അൽഫാരിസ് ഇൗ ശിലാലിഖിതങ്ങളുടെ അപൂർവ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ചരിത്രഗവേഷകർക്ക് ഏറെ അറിവ് പകർന്നുനൽകുന്നതാണ് ഇൗ ശിലാലിഖിതങ്ങളെന്ന് അൽഫാരിസ് പറയുന്നു.
പൗരാണിക അറബി ലിഖിതങ്ങളുടെ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ആദ്യത്തെ പുരാവസ്തുകേന്ദ്രമാണിത്. പാറകളിൽ രേഖപ്പെടുത്തിയ ലിഖിതങ്ങൾ പിന്നീട് രൂപമാറ്റം വന്നുവെന്നും 'നബാതിയൻ' ഭാഷക്ക് സമാനമായ എഴുത്തുരീതിയാണിതെന്നും ഗവേഷകർ പറയുന്നു. ബജ്ദ പർവതനിരകൾ അറേബ്യൻ നാഗരികതയുടെ നാൾവഴികൾ പകർന്നുനൽകുന്നതാണ്. ഇവിടത്തെ പ്രകൃതിയുടെ കാഴ്ചഭംഗിയും സന്ദർശകരെ ആവോളം ആകർഷിക്കും. ചാരുതയേറിയ കുന്നിൻപ്രദേശങ്ങളും മണൽക്കാഴ്ചകളും ആയിരക്കണക്കിന് പാറക്കെട്ടുകളും നിറഞ്ഞുനിൽക്കുന്ന പ്രദേശം വാഹനത്തിലൂടെ ചുറ്റിക്കറങ്ങി ആസ്വദിക്കാൻ കഴിയുന്ന ബൃഹത്തായ പദ്ധതികളാണ് അധികൃതർ ഇവിടെ ആസൂത്രണം ചെയ്യുന്നത്. 10.230 ചതുരശ്ര മൈൽ വിസ്തൃതിയുള്ള സ്വപ്നനഗരപ്രദേശങ്ങൾ ആഗോള വൈദഗ്ധ്യം ഉപയോഗിച്ച് സഞ്ചാരികളെ ആകർഷിക്കുന്നവിധത്തിൽ പൂർത്തിയാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.