കടൽത്തീരത്ത് വിസ്മയമായി മണൽ ശിൽപങ്ങൾ
text_fieldsയാംബു: യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് പാർക്കിൽ നിർമിച്ച മണൽ ശിൽപം വിസ്മയക്കാഴ്ചയായി മാറി. സൗദി കലാകാരന്മാരായ അബ്ദുല്ല അൽഹർബി, ബന്ദർ അൽ ബിശി എന്നീ യുവാക്കളാണ് വിവിധ സമുദ്ര ജീവികളുടെ രൂപത്തിലുള്ള ശിൽപങ്ങൾ തീർത്ത് ശ്രദ്ധേയരായി മാറിയത്.
സെപ്റ്റംബർ 30 വരെ നടക്കുന്ന വിനോദ സഞ്ചാര മേളയായ 'തനഫുസ്' വേനൽക്കാല കാമ്പയിെൻറ ഭാഗമായാണ് ശിൽപങ്ങൾ ഒരുക്കിയത്. കടലോര ഉദ്യാനങ്ങളിൽ എത്തുന്ന സന്ദർശകരെ ആകർഷിക്കാൻ വിവിധ പരിപാടികൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് അധികൃതർ വേറിട്ട ഈ മണൽക്കാഴ്ചയൊരുക്കിയത്. മണലിൽ നിർമിച്ച ആമ, ഡോൾഫിൻ, തിമിംഗല സ്രാവ് തുടങ്ങിയ ജീവികളുടെ രൂപങ്ങൾ ആരേയും ആകർഷിക്കുന്നവയാണ്. മണൽകൊണ്ട് നിർമിച്ച ശിൽപങ്ങൾ യാഥാർഥ്യമാണോ എന്ന് തോന്നിക്കും വിധത്തിലുള്ളതാണ് പലതും.
സൗദി യുവാക്കളുടെ വൈവിധ്യങ്ങളായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ടൂറിസം വകുപ്പിെൻറ കീഴിൽ ഇപ്പോൾ സജീവമായി നടപ്പാക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ടാണ് ശിൽപങ്ങൾ നിർമിച്ചതെന്ന് ശിൽപികൾ പറഞ്ഞു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മണൽ ശിൽപങ്ങൾ തീർത്ത് വിവിധ രീതിയിലുള്ള സംഭാവനകൾ രാജ്യത്തിനായി നൽകാൻ തങ്ങൾ എപ്പോഴും രംഗത്തുണ്ടാവുമെന്നും ശിൽപികളായ അബ്ദുല്ല അൽഹർബി, ബന്ദർ അൽബിഷി എന്നിവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.