മസ്ജിദുൽ ഖുബാഅ് വിപുലീകരണം പ്രഖ്യാപിച്ച് കിരീടാവകാശി
text_fieldsജിദ്ദ: മദീനയിലെ ചരിത്രപരമായ 'മസ്ജിദുൽ ഖുബാഅ്'വികസനത്തിനുള്ള കിങ് സൽമാൻ വിപുലീകരണ പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി മസ്ജിദുൽ ഖുബാഅ് സന്ദർശന വേളയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമുണ്ടായത്.
ചുറ്റുമുള്ള പ്രദേശത്തെ വികസിപ്പിച്ചുകൊണ്ടുള്ള മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതിയായിരിക്കും ഇത്. സൽമാൻ രാജാവിന്റെ നാമധേയത്തിലാണ് പദ്ധതി. വിപുലീകരണത്തിലൂടെ പള്ളിയുടെ മൊത്തം വിസ്തീർണം അര ലക്ഷം ചതുരശ്ര മീറ്ററായി ഉയർത്തി നിലവിലെ വിസ്തൃതി 10 മടങ്ങായി വർധിപ്പിക്കാനും 66,000 വിശ്വാസികളെ വരെ ഉൾക്കൊള്ളാൻ തക്ക ശേഷി വർധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യം.
ഇസ്ലാമിലെ ആദ്യത്തെ പള്ളിയാണ് മസ്ജിദ് ഖുബാഅ് എന്നും സീസണുകളിൽ കൂടുതൽ പേർക്ക് നമസ്കാര സൗകര്യമൊരുക്കുകയും പള്ളിയുടെ ചരിത്രപരമായ സവിശേഷത ഉയർത്തിക്കാട്ടുകയും ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുകയുമാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.
തീർഥാടകരെ സേവിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള 'വിഷൻ 2030'ലക്ഷ്യപൂർത്തീകരണത്തിന്റെ ഭാഗമാണിത്. പള്ളിയുടെ വിസ്തീർണം 5,035 ചതുരശ്ര മീറ്ററിൽനിന്നാണ് 50,000 ചതുരശ്ര മീറ്ററായി ഉയർത്തുന്നത്. ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് നല്ല അനുഭവം പകരുകയും വിപുലീകരണ ലക്ഷ്യമാണ്. നിരവധി കിണറുകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 57 ചരിത്ര സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുത്തും. മൂന്ന് പ്രവാചക പാതകളെ ബന്ധിപ്പിക്കുകയും ചരിത്രസ്ഥലങ്ങളുടെ വികസനവും പുനരുജ്ജീവനവും സാധ്യമാക്കുകയും ചെയ്യും. ഖുബാഅ് പള്ളിയുടെ നിലവിലെ സ്ഥിതിയും വർധിച്ചുവരുന്ന ആവശ്യവും തമ്മിലുള്ള വിടവ് നികത്തും. പള്ളിയുടെ നാല് വശത്തുമുള്ള മുറ്റങ്ങളിൽ തണൽ വിരിക്കും. പള്ളി കെട്ടിടത്തിന്റെ കാര്യക്ഷമത, അനുബന്ധ സേവന സംവിധാനം, റോഡ് ശൃംഖലയും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തൽ, പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കൽ, തിരക്ക് കൂടുന്നതിന് സമൂലമായ പരിഹാരങ്ങൾ കണ്ടെത്തൽ, സന്ദർശകരുടെ സുരക്ഷ എന്നിവയും വിപുലീകരണത്തിൽ ലക്ഷ്യമിടുന്നതായും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.