ട്രംപ്-പുടിൻ യോഗം: അമേരിക്കൻ, റഷ്യൻ പ്രതിനിധികൾ റിയാദിൽ ചർച്ച നടത്തി
text_fieldsട്രംപ്-പുടിൻ യോഗത്തിന് മുന്നോടിയായി അമേരിക്കൻ, റഷ്യൻ പ്രതിനിധിതല യോഗം ചൊവ്വാഴ്ച റിയാദിൽ നടന്നപ്പോൾ
റിയാദ്: നിർദ്ദിഷ്ട ട്രംപ്-പുടിൻ യോഗത്തിെൻറ മുന്നോടിയായി അമേരിക്കൻ, റഷ്യൻ പ്രതിനിധികൾ റിയാദിൽ ചർച്ച നടത്തി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ മാർഗനിർദേശപ്രകാരം ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. ലോകത്ത് സമാധാനം സ്ഥാപിക്കുക, സുരക്ഷ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സൗദി അറേബ്യ മുൻകൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും റിയാദ് ആതിഥേയത്വം വഹിക്കുന്നത്.
റിയാദിലെ ദറഇയ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോ, അമേരിക്കൻ വിദേശകാര്യമന്ത്രി മാർക്കോ റൂബിയോ എന്നിവർക്ക് പുറമെ റഷ്യൻ പ്രസിഡൻറിെൻറ സഹായി യൂറി ഉഷാക്കോവ്, ഡയറക്റ്റ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് തലവൻ കിറിൽ ദിമിട്രിവ്, യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ദേശീയ സുരക്ഷാസഹായി മൈക്ക് വാൾട്ട്‌സ്, മിഡിൽ ഈസ്റ്റുകാര്യങ്ങൾക്കായുള്ള ട്രംപിെൻറ പ്രത്യേക ദൂതൻ സ്റ്റീവൻ വിറ്റ്‌കോഫ് എന്നിവരും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി മുസാഇദ് അൽഐബാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലേക്കുള്ള പരിഹാരമാർഗങ്ങളിന്മേലാണ് അമേരിക്കൻ, റഷ്യൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ആരംഭിച്ചത്. യുക്രെയ്നുമായി ബന്ധപ്പെട്ടുള്ള സംഭാഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ഇരുകൂട്ടർക്കും ഒരേ അഭിപ്രായമാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയുമായുള്ള ചർച്ചകൾ ഗൗരവമേറിയതാണെന്നും എല്ലാ വിഷയങ്ങളും ഉൾപ്പെട്ടതാണ് നാലര മണിക്കൂർ നീണ്ടുനിന്ന ചർച്ചയെന്നും ക്രെംലിൻ പ്രതികരിച്ചു.
അമേരിക്കൻ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ച പ്രതീക്ഷാനിർഭരമാണെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത റഷ്യൻ പ്രസിഡൻഷ്യൽ അസിസ്റ്റൻറ് യൂറി ഉഷാക്കോവ് പറഞ്ഞു. എന്നാൽ ഇരുപാർട്ടികളുടെയും നിലപാടുകൾ ഒത്തുപോകുന്നുണ്ടെന്ന് പറയാൻ ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും തമ്മിൽ റിയാദിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയുടെ തീയതി ഇപ്പോഴും തീരുമാനമായിട്ടില്ല. എന്നിരുന്നാലും ചൊവ്വാഴ്ചയിലെ യോഗത്തിൽ കൂടിക്കാഴ്ച സംബന്ധിച്ച വ്യവസ്ഥകൾ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ റഷ്യയും അമേരിക്കയും സമ്മതിച്ചതായും ഉഷാക്കോവ് കൂട്ടിച്ചേർത്തു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ മുൻകൈയ്യിൽ റഷ്യയുമായുള്ള ചർച്ചക്ക് അവസരമൊരുങ്ങിയതിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് ടാമി ബ്രൂസ് സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു. കൂടിക്കാഴ്ച നന്നായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണും മോസ്കോയും തമ്മിലെ ഭാവിസഹകരണത്തിനും ഉഭയകക്ഷിബന്ധം സാധാരണ നിലയിലാക്കാനുള്ള സംവിധാനത്തിനും അടിത്തറയിടാൻ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പാതയിൽ പ്രവർത്തിക്കാൻ ഒരു ഉന്നതതല ചർച്ചാസംഘത്തെ നിയോഗിക്കാൻ ധാരണയായെന്നും ടാമി ബ്രൂസ് പ്രസ്താവനയിൽ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.