എട്ടുമാസം വെന്‍റിലേറ്ററിലായ അമീർ ഹംസയെ നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsദമ്മാം: സൗദിയിൽ മാസങ്ങളായി അതിഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞ മലയാളിയെ നാട്ടിലെത്തിക്കാൻ കെ.എം.സി.സി നടത്തിയ ശ്രമം വിജയം. ദമ്മാമിലെ അൽമന ആശുപത്രിയിലായിരുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, ആലംകോട് പണയിൽ വീട്ടിൽ അമീർ ഹംസ (55) ശനിയാഴ്ച രാവിലെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തി. വെന്‍റിലേറ്റർ സംവിധാനവും ഡോക്ടർമാരും നഴ്സും ടെക്നീഷ്യന്മാരും വിദഗ്ധ സംഘവും അടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് അമീർ ഹംസയെ വെള്ളിയാഴ്ച രാത്രി ദമ്മാം വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്.
നേരത്തേ ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിച്ചിരുന്നെങ്കിലും യന്ത്രത്തകരാറിനെ തുടർന്ന് ശ്രീലങ്കൻ എയർവേസിന്‍റെ ഷെഡ്യൂൾ കാൻസൽ ചെയ്തതോടെ യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയും വെള്ളിയാഴ്ച വീണ്ടും വിമാനത്താവളത്തിൽ എത്തിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഹംസയെ ബന്ധുക്കൾ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജുബൈലിലെ ഒരു കമ്പനിയിൽ 30 വർഷമായി ഡ്രൈവറായിരുന്ന അമീർ ഹംസ ഈവർഷം ജുനവരി 27ന് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനെ തുടർന്നുണ്ടായ ഹൃദയാഘാതവും പക്ഷാഘാതവും സ്ഥിതി ഗുരുതരമാക്കി. ഇതോടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇൻഷുറൻസ് പരിരക്ഷയും കമ്പനിയുടെ സഹായവും ലഭ്യമായതോടെ ചികിത്സ തുടരാൻ കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചികിത്സ തുടർന്നാൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കൊല്ലം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി പുനയം സുധീർ ആശുപത്രിയിലെത്തുകയും കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ സഹകരണത്തോടെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു. മഹ്മൂദ് പൂക്കാട്, ആഷിഖ് തൊടിയിൽ എന്നിവരുടെ സഹായം കൂടി കിട്ടിയതോടെ കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീങ്ങി. 59,000 റിയാലിന്‍റെ ചെലവാണ് നാട്ടിലെത്തിക്കാൻ വേണ്ടി വന്നത്. ആറ്റിങ്ങൽ എം.എൽ.എ അടൂർ പ്രകാശിന്‍റെ ഇടപെടലിനെ തുടർന്ന് രോഗിക്കും അനുഗമിക്കുന്ന ഡോക്ടർക്കും ടെക്നീഷ്യന്മാർക്കുമുള്ള ടിക്കറ്റുകൾ ഇന്ത്യൻ എംബസി നൽകാൻ തയാറായി. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അമീർ ഹംസയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ലെസീനയാണ് അമീർ ഹംസയുടെ ഭാര്യ. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഹമീദ് വടകര തുടങ്ങിയവരും പിന്തുണയുമായി ഒപ്പം നിന്നു. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഒന്നര വർഷമായി അബോധാവസ്ഥയിൽകഴിഞ്ഞ തൃശൂർ സ്വദേശി രാജേഷിനെ നാട്ടിലെത്തിച്ചിട്ട് രണ്ടാഴ്ച പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ ദൗത്യവും വിജയം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.