അമീർ മുഹമ്മദിെൻറ അഭിമുഖം; കാതോർത്ത് ലോകം
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ആദ്യ അമേരിക്കൻ ടെലിവിഷൻ അഭിമുഖത്തിനായി കാതോർത്ത് ലോകം. അമേരിക്കൻ സമയം ഞായറാഴ്ച വൈകിട്ട് ഏഴിനാണ് (സൗദി സമയം തിങ്കൾ പുലർച്ചെ) സി.ബി.എസ് ചാനൽ ‘60 മിനുട്ട്സ്’ എന്ന അഭിമുഖ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്ന ഇൻറർവ്യൂവിെൻറ രണ്ടു പ്രിവ്യൂകൾ കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ പുറത്തുവിട്ടിരുന്നു. അഭിമുഖത്തിെൻറ മൂല്യം ഉറപ്പുവരുത്തുന്ന സൂചനകളാണ് ആ ചെറുഭാഗങ്ങളിൽ ഉണ്ടായിരുന്നത്. അതിനിടെ, സൗദിയിലെത്തി അമീർ മുഹമ്മദിനെ കണ്ട് അഭിമുഖം ചിത്രീകരിച്ച നോറ ഒ’ ഡനീലിെൻറ പ്രതികരണം പുറത്തുവന്നു. അമീർ മുഹമ്മദിനെ കുറിച്ചും സൗദിയെ കുറിച്ചുമുള്ള ധാരണകൾ പങ്കുവെക്കുന്ന നോറ എങ്ങനെയാണ് ഇൗ അവസരം ലഭിച്ചത് എന്നതിനെ കുറിച്ചും വിശദീകരിക്കുന്നു.
അഭിമുഖത്തിന് സമയനിബന്ധനയോ മറ്റ് നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. അദ്ദേഹത്തിെൻറ ആശയങ്ങളും ചിന്തകളും അമേരിക്കൻ ജനതയെ അറിയിക്കാനുള്ള അവസരമായിരുന്നു അത്. അമേരിക്കൻ പ്രേക്ഷകർ തന്നെ കുറിച്ച് മനസിലാക്കണമെന്ന് കിരീടാകാശിക്കുണ്ടായിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിലൂടെയാണ് സംഭാഷണം കടന്നുപോയത്. അസാധാരണമായി നിഷ്കപടവുമായിരുന്നു അത്. യമൻ യുദ്ധം, നിരവധി മന്ത്രിമാരും പ്രമുഖരും പിടികൂടപ്പെട്ട അഴിമതി വിരുദ്ധ നടപടി എന്നിവയൊക്കെ കടന്നുവന്നു. എന്താണ് റിറ്റ്സ് കാൾട്ടണിൽ നടന്നതെന്ന് ഇതാദ്യമായി കിരീടാവകാശി നേരിട്ട് വിശദീകരിക്കുകയാണ്. ശക്തമായ ഭാഷയിലാണ് ഇറാനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. തീവ്രവാദികളാൽ ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വിഷയമായി. ഇൗ സംഭാഷണത്തിെൻറ നല്ലൊരുഭാഗവും വൻ വാർത്താ മൂല്യമുള്ളതാണെന്ന് ഞാൻ കരുതുന്നു ^ നോറ സൂചിപ്പിച്ചു.
ഏതാണ്ട് മൂന്നുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് നോറ അമീർ മുഹമ്മദിെൻറ അഭിമുഖം സാധ്യമാക്കിയത്. 2015 ഏപ്രിൽ മുതലാണ് സൽമാൻ രാജാവിനെ കുറിച്ച് അവർ കേൾക്കാൻ തുടങ്ങിയത്. പ്രത്യേകം ശ്രദ്ധിക്കേണ്ടയാളാണ് അദ്ദേഹമെന്ന് അന്നേ തോന്നിയിരുന്നുവെന്ന് നോറ പറയുന്നു. അതുകൊണ്ട് തന്നെ സൗദി നേതൃത്വത്തെ ‘60 മിനുട്ട്സി’ൽ എത്തിക്കുന്നത് വലിയ നേട്ടമാകുമെന്ന് ഉറപ്പായിരുന്നു. 2016 ജൂണിലാണ് അന്ന് രണ്ടാം കിരീടാവകാശി ആയിരുന്ന അമീർ മുഹമ്മദിനെ നോറ ആദ്യമായി സന്ദർശിക്കുന്നത്. വാഷിങ്ടണിലെ സൗദി അംബാസഡറുടെ വസതിയിൽ വെച്ച്. അത് അമീർ മുഹമ്മദിെൻറ ആദ്യ യു.എസ് സന്ദർശനമായിരുന്നു. അതിനെ കുറിച്ച് നോറ പറയുന്നു: ‘വിഷൻ 2030 നെ കുറിച്ച് അന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അഭിമുഖത്തിനുള്ള താൽപര്യവും പ്രകടിപ്പിച്ചു. ‘60 മിനുട്ട്സി’നെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുഹോട്ടലിൽ വെച്ച് ഏതാനും മിനുട്ട് നീളുന്ന കൂടിക്കാഴ്ച അല്ല ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹത്തോട് പറഞ്ഞു. റിയാദിലേക്ക് ഞങ്ങൾക്ക് വരണമെന്നും കൊട്ടാരത്തിൽ പ്രവേശനം നൽകണമെന്നും അഭ്യർഥിച്ചു. അദ്ദേഹം എങ്ങനെയാണ് വാരാന്ത്യങ്ങൾ ചെലവിടുന്നത് എന്ന് അറിയണമായിരുന്നു. അത് ലോകത്തെ കാട്ടണമായിരുന്നു. അതിന്മേലുള്ള ചർച്ചകളും സംഭാഷണങ്ങളും നീണ്ടു. എന്നായാലും ഇൗ അഭിമുഖം നടക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു, അത് സംബന്ധിച്ച ഉറപ്പുകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും’ ^ നോറ പറഞ്ഞു. ഒടുവിൽ ഒരുമാസത്തിന് മുമ്പാണ് റിയാദിൽ നിന്ന് നോറക്ക് അനുകൂല പ്രതികരണം ലഭിച്ചത്. അനുമതി കിട്ടി എന്ന് മാത്രമല്ല, അവർ ആവശ്യപ്പെട്ട എല്ലാം അനുവദിക്കപ്പെടുകയും ചെയ്തു. അഭിമുഖത്തിലെ ചോദ്യങ്ങളെ കുറിച്ച് മുൻകൂട്ടി അന്വേഷണം ഉണ്ടായില്ല. ഏതെങ്കിലും വിഷയം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമില്ല. ഒന്നും ഒളിക്കാനില്ല എന്നതായിരുന്നു സൗദി അധികാരികളുടെ നിലപാടെന്ന് നോറ ചൂണ്ടിക്കാട്ടുന്നു. തീർത്തും അസാധാരണമായിരുന്നു അത്.
90 മിനുട്ട് നീണ്ട അഭിമുഖം രണ്ടാഴ്ച മുമ്പ് റിയാദ് പ്രാന്തത്തിലെ ദിരിയ കൊട്ടാരത്തിൽ വെച്ചാണ് ചിത്രീകരിച്ചത്. അറബിയിലായിരുന്നു അമീർ മുഹമ്മദിെൻറ സംസാരം. തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഒരുക്കിയിരുന്നു. അതിനെ കുറിച്ച് നോറ പറയുന്നതിങ്ങനെ: ‘സൗദിയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും ഇംഗ്ലണ്ടിലോ യു.എസിലോ പഠിച്ചവരാണ്. നിലവിൽ ഒന്നരലക്ഷം സൗദി വിദ്യാർഥികൾ യു.എസിൽ പഠിക്കുന്നു. ഒരു അത്ഭുതമെന്തെന്നാൽ, കിരീടാവകാശിയുടെ വിദ്യാഭ്യാസം പൂർണമായും സൗദിയിൽ തന്നെയായിരുന്നു. മക്കളെല്ലാം സൗദി സർവകലാശാലകളിൽ തന്നെ പഠിക്കണമെന്നായിരുന്നു തെൻറ പിതാവിെൻറ തീരുമാനമെന്ന് അമീർ മുഹമ്മദ് വിശദീകരിച്ചു. വിദ്യാർഥി, യുവാവ് എന്ന നിലകളിൽ ഒരു വ്യക്തി രൂപപ്പെടുന്ന ഘട്ടമാണത് എന്നത് കൊണ്ടാണ് സൽമാൻ രാജാവ് അങ്ങനെ ചിന്തിച്ചത്. അത് വളരെ താൽപര്യകരമായി തോന്നി. അഭിമുഖത്തിൽ ഒാഫീസിൽ വെച്ച് സംസാരിക്കുേമ്പാൾ അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം. പക്ഷേ, നയങ്ങളെ കുറിച്ച് സംസാരിക്കുേമ്പാൾ അദ്ദേഹം അറബിയിലേക്ക് മാറും. നിലപാടുകൾ അവിടെ കൃത്യവും സൂക്ഷ്മവുമാകേണ്ടതുണ്ടല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹം അറബിയിലേക്ക് മാറിയതിൽ അത്ഭുതമില്ല. ഒരു ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയില്ല’ വസ്ത്രത്തിന് ഒരുനിബന്ധനയും ഏർപ്പെടുത്തിയിരുന്നില്ലെന്നും നോറ ചൂണ്ടിക്കാട്ടി. പക്ഷേ, റിയാദിൽ പുറത്തിറങ്ങിയപ്പോൾ അബായയാണ് ധരിച്ചത്. പുറത്ത് എല്ലാവരും അബായ ധരിച്ചിരിക്കുന്നതിനാൽ കൂടുതൽ ആശ്വാസകരം അബായയാണെന്ന് തോന്നിയെന്ന് നോറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.