അമിതാഭ് ബച്ചൻ റിയാദ് ബോളിവാഡ് വിനോദ നഗരം സന്ദർശിച്ചു
text_fieldsറിയാദ്: ഇന്ത്യൻ അഭിനയ ചക്രവർത്തി അമിതാഭ് ബച്ചൻ റിയാദ് സീസൺ മുഖ്യവേദിയായ ബോളിവാഡ് വിനോദ നഗരം സന്ദർശിച്ചു. വ്യാഴാഴ്ച റിയാദിൽ നടന്ന പി.എസ്.ജിയും സൗദി ആൾസ്റ്റാർ ഇലവനും തമ്മിൽ നടന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ മത്സരത്തിെൻറ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ അദ്ദേഹം വെള്ളിയാഴ്ചയാണ് ബോളിവാഡ് കണ്ടത്.
റിയാദ് സീസൺ ആഘോഷങ്ങളുടെ മുഖ്യവേദികളാണ് ബോളിവാഡ് സിറ്റിയും ബോളിവാഡ് വേൾഡും. രണ്ടിടത്തും ഒരു മുഴുദിന സന്ദർശനമാണ് അദ്ദേഹം നടത്തിയത്. അവിടങ്ങളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഏറെ നേരം കണ്ട് അദ്ദേഹം ആസ്വദിച്ചു. സൗദി ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി അദ്ദേഹത്തിന് ഊഷ്മള വരവേൽപാണ് നൽകിയത്.
അതോറിറ്റിയുടെ ഉന്നതോദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഓരോ കാഴ്ച സ്ഥലങ്ങളിലേക്കും അനുഗമിച്ചു. ബോളിവാഡ് സിറ്റിയിലെ ഇന്ത്യൻ പവിലിയനിലും അദ്ദേഹം ഏറെ നേരം ചെലവഴിച്ചു. ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളുൾപ്പടെയുള്ള വിവിധ പരിപാടികൾ അദ്ദേഹം വീക്ഷിച്ചു. കലാകാരന്മാരുടെ അടുത്തുപോയി അവർക്കെല്ലാം ഹസ്തദാനം ചെയ്തു. അതോടൊപ്പം നഗരിയിലെ മറ്റ് കലാവിനോദ പരിപാടികളും അദ്ദേഹം കണ്ടു. ഇലക്ട്രിക്കൽ കാറിൽ അതോറിറ്റി പ്രതിനിധികൾക്കൊപ്പം സഞ്ചരിച്ചാണ് മുഴുവൻ കാഴ്ചകളും ആസ്വദിച്ചത്. ലോക ഫുട്ബാൾ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബപ്പെയും നെയ്മറും ക്രിസ്റ്റ്യൻ റൊണാൾഡോയും അഷ്റഫ് ഹാഖിമിയും ഉൾപ്പെടെയുള്ള കളിക്കാർ അണിനിരന്ന റിയാദ് സീസൺ കപ്പ് മത്സരത്തിൽ കളി തുടങ്ങും മുമ്പ് എല്ലാവരെയും അദ്ദേഹം ഹസ്തദാനം ചെയ്തിരുന്നു. ലോക ഫുട്ബാളിലെ മിന്നും താരങ്ങളുടെ മത്സരത്തിൽ അതിഥിയായി പങ്കെടുക്കാനും അവർക്ക് ഹസ്തദാനം ചെയ്യാനും സൗദി അറേബ്യയിൽനിന്ന് ക്ഷണം ലഭിച്ചതിൽ തെൻറ ആഹ്ലാദം അദ്ദേഹം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.