തങ്ങളെ 'തമ്മിലകറ്റിയ' ഡോക്ടറുടെ അരുകിലണഞ്ഞ് സയാമീസുകൾ
text_fieldsജിദ്ദ: തങ്ങളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി പുതുജീവിതം നൽകിയ ഡോക്ടറെ ഒരു വ്യാഴവട്ടത്തിന് ശേഷം കണ്ട സന്തോഷത്തിൽ ജോർദാനിയൻ സയാമീസുകളായിരുന്ന അംജദും മുഹമ്മദും. ജോർദാനിയൻ തലസ്ഥാനത്താണ് സൗദി മുൻ ആരോഗ്യമന്ത്രിയും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപർവൈസറും സയാമീസ് ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅയെ ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
ആദ്യം ഡോക്ടറെ കാണുമ്പോൾ ഇവർ പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്നു. കുടൽ, മുത്രസഞ്ചി, ജനനേന്ദ്രിയം എന്നിവ ഒട്ടിച്ചേർന്ന ഇരുവരെയും 2010ലാണ് റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ച് ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. 12 വർഷത്തിന് ശേഷം ഡോക്ടറുടെയും കുട്ടികളുടെയും കണ്ടുമുട്ടൽ അമ്മാനിലെ സൗദി എംബസിയിലായിരുന്നു. ഇവരുടെ കുടുംബവുമുണ്ടായിരുന്നു.
അംജദും മുഹമ്മദും ജോർദാനിലെ എന്‍റെ മക്കളാണെന്ന് ഇരുവരെയും കണ്ട സന്തോഷത്തിൽ ഡോ. റബീഅ പറഞ്ഞു. വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായി നാടുകളിലേക്ക് മടങ്ങി വളർന്ന ശേഷം സയാമീസുകൾ ഡോ. റബീഅയെ കാണാനെത്തുന്ന രണ്ടാമത്തെ സംഭവമാണ് ജോർദാനിലേത്. കഴിഞ്ഞ മാസം ഈജിപ്ഷ്യൻ സയാമീസുകളായിരുന്ന ഹസനും മഹ്മൂദും കുടുംബസമേതം ഡോക്ടറെ കാണാനും നന്ദി പറയാനും റിയാദിലെത്തിയിരുന്നു. 13 വർഷത്തിനു ശേഷമായിരുന്നു ആ വരവ്. 50ലധികം ശസ്ത്രക്രിയകൾ ഇതിനകം സയാമീസ് വേർപ്പെടുത്തൽ ശസ്ത്രക്രിയാ പദ്ധതിക്ക് കീഴിൽ സൗദി അറേബ്യയിൽ നടന്നിട്ടുണ്ട്.
അംജദിന്‍റെയും മുഹമ്മദിന്‍റെയും ശസ്ത്രക്രിയ മനുഷ്യത്വത്തിന്‍റെയും ജീവകാരുണ്യത്തിന്റെയും ഭാഗമായി സൗദി നടത്തിയ 27ാമത്തെ സയാമീസ് ശസ്ത്രക്രിയയാണ്. 1990ലാണ് സൗദിയിൽ ആദ്യ സയാമീസ് ശസ്ത്രക്രിയ നടന്നത്. ഇതുവരെ ലോകത്തെ മൂന്ന് ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിൽ നിന്നുള്ള 117 സയാമീസുകളെ പരിഗണിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ പഠനം നടത്തിയിട്ടുണ്ട്. അതിലാണ് ഇതിനകം 50ലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയത്.
ഇത്രയും ശസ്ത്രക്രിയകൾക്കായി ഏകദേശം 570 മണിക്കൂറാണ് ചെലവഴിച്ചത്. ഇതിൽ ഏറ്റവും ദൈർഘ്യമായ ശസ്ത്രക്രിയക്ക് 23.5 മണിക്കൂറാണ് എടുത്തത്. സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിലെ വിജയം സൗദി അറേബ്യയുടെ ആരോഗ്യ മേഖലയിലെ മഹത്തായ വികസനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.