പൊതുമാപ്പ്: ആദ്യ ദിവസം എംബസിയിലെത്തിയത് 810 പേർ
text_fieldsറിയാദ്: പൊതുമാപ്പിെൻറ ആനുകൂല്യം ലഭിക്കുന്ന നിയമ ലംഘകർക്ക് ബുധനാഴ്ച രാവിലെ മുതൽ സൗദി പാസ്പോർട്ട് വിഭാഗം എക്സിറ്റ് നൽകി തുടങ്ങി. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് ഇന്നലെ രാവിലെ മുതൽ മലസിലെ ജവാസാത്ത് കേന്ദ്രത്തിലെത്തി എക്സിറ്റ് നടപടികൾ പൂർത്തീകരിച്ചത്. റിയാദ് ഇന്ത്യൻ എംബസിയിലും രാവിലെ എട്ട് മുതൽ എമർജൻസി സർട്ടിഫിക്കിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.
ആദ്യ ദിവസം 810 പേർ എംബസിയിലെത്തിയതായും 615 പേർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതായും ഫസ്റ്റ് സെക്രട്ടറി അനിൽ നോട്ടിയാൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പൊതുമാപ്പിെൻറ ഒന്നാം ദിവസം തന്നെ യാത്രാനടപടികൾ പൂർത്തീകരിച്ച് രാജ്യം വിട്ടവരുണ്ട്. കാലാവധിയുള്ള യാത്രാരേഖകൾ ഉള്ളവർക്ക് ഇന്നലെ രാവിലെ മുതൽ തന്നെ വിമാനത്താവളത്തിൽ എക്സിറ്റ് സൗകര്യം നൽകിയിരുന്നു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ പൊതുമാപ്പ് ആനുകൂല്യം നേടി പോകുന്നവർക്ക് പ്രത്യേക എമിേഗ്രഷൻ കൗണ്ടർ ഒരുക്കിയിട്ടുണ്ട്.
അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ ഇവിടെ ഇതുസംബന്ധമായ നിർദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടിക്കറ്റും യാത്രാ രേഖയുമുള്ളവരുടെ വിരലടയാളവും കണ്ണ് പരിശോധനയും പൂർത്തീകരിച്ചാണ് എക്സിറ്റ് നൽകുന്നത്. ഇന്ത്യൻ എംബസിയിൽ രാവിലെ ഏഴരയോടെ അംബാസഡറുടെ നേതൃത്വത്തിൽ മുഴുവൻ ഉദ്യോഗസ്ഥരും വളണ്ടിയർമാരും സേവനത്തിന് എത്തിയിരുന്നു. എേട്ടാടെ എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. വൈകീട്ട് അഞ്ചു വരെയാണ് കൗണ്ടറുകൾ പ്രവർത്തിച്ചത്. 22 കൗണ്ടറുകളാണ് ഏർപ്പെടുത്തിയത്. ഒരാഴ്ച്ചക്കകം ഇ.സി നൽകും.
രാവിലെ മുതൽ അംബാസഡർ ജാവേദ് അഹ്മദ്, ഡി.സി.എം ഹേമന്ത് കൊട്ടൽവാർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പ്രവർത്തനങ്ങൾ നിരീക്ഷിച്ചും നേതൃത്വം നൽകിയും സജീവമായി എംബസി അങ്കണത്തിലുണ്ടായിരുന്നു. ആദ്യ ദിവസം മലയാളികളുടെ സാന്നിദ്ധ്യം വിരലിലെണ്ണാവുന്നതായിരുന്നു. ഉത്തരേന്ത്യൻ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എത്തിയ അപേക്ഷകരിൽ ഏറിയ പങ്കും. അപേക്ഷകരിൽ കൂടുതലാളുകളും ഹുറൂബ് ആയവരാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. പൂരിപ്പിച്ച അപേക്ഷയുമായി എത്തുന്നവർക്ക് അരമണിക്കൂറിനുള്ളിൽ തന്നെ നടപടികൾ പൂർത്തീകരിച്ച് പോകാവുന്ന വിധത്തിലാണ് എംബസിയിൽ ക്രമീകരണങ്ങൾ നടത്തിയത്. ടോക്കൺ സൗകര്യവും കുറ്റമറ്റ ക്യൂ സംവിധാനവും തിരക്ക് നിയന്ത്രിക്കുന്നതിന് ഏറെ സഹായകരമാണ്. എംബസി ഉദ്യോഗസ്ഥർക്ക് പുറമെ സ്ത്രീകൾ ഉൾപ്പെടെ 30ഒാളം വളണ്ടിയർമാർ സേവനത്തിനുണ്ട്. കുടിവെള്ളമുൾപ്പെടെയുള്ള സൗകര്യങ്ങളും സന്ദർശകർക്കായി എംബസി ഇവിടെ ഒരുക്കിയിരുന്നു. ഇനിയുള്ള ദിവസങ്ങളിലും കൂടുതൽ അപേക്ഷകരെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.