അമൃത് മഹോത്സവ്; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ അരങ്ങേറിയ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി
text_fieldsജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്‍റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 25 മുതൽ 31 വരെ സംഘടിപ്പിച്ചിരിക്കുന്ന 'അമൃത് മഹോത്സവി'ന്‍റെ ഭാഗമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ജിദ്ദ ഇന്ത്യൻ സമൂഹത്തിന്‍റെ വിപുലമായ പങ്കാളിത്തത്തോടെ കോൺസുലേറ്റ് പരിസരത്ത് ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സൗദിയിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് കീഴിൽ നടന്ന ആദ്യത്തെ ക്രിസ്മസ് ആഘോഷമായതിനാൽ പരിപാടി ചരിത്ര നിമിഷം കൂടിയായി മാറി. ആഘോഷ പരിപാടികൾ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെയും ആഘോഷങ്ങളുടെയും പ്രസക്തി കോൺസുൽ ജനറൽ എടുത്തു പറഞ്ഞു.
വൈവിധ്യമാർന്ന ഇന്ത്യൻ സംസ്‌കാരങ്ങൾ സമാധാനത്തിനും സൗഹാർദത്തിനും വേണ്ടി നിലകൊള്ളുന്നു. ക്രിസ്തുമതം ഉൾപ്പെടെ വിവിധ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കുന്ന സാർവത്രിക സാഹോദര്യത്തിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിച്ച അദ്ദേഹം എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകളും നേർന്നു. കോൺസുൽ ജനറലും ഭാര്യയും മറ്റു കോൺസുൽമാരും ചേർന്ന് ക്രിസ്‍മസ് കേക്ക് മുറിച്ചു. പാസ്റ്റർ ഹനോക് അഭിനയ് റാച്ചപുഡി ക്രിസ്മസ് സന്ദേശം കൈമാറി.
ഇന്ത്യയിലെയും ഇന്ത്യക്കാരുടെ രണ്ടാമത്തെ വാസസ്ഥലമായ സൗദി അറേബ്യയിലെയും ജനങ്ങൾക്കും ഭരണാധികാരികൾക്കും മുഴുവൻ മനുഷ്യരാശിക്കും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം സദസ്സിനോട് ആഹ്വാനം ചെയ്തു. ബെത്‌ലഹേമിലെ കാലിതൊഴുത്തിൽ കരുണയുടെ ദൂതുമായി പിറന്ന ഉണ്ണിയേശുവിന്‍റെ ഓർമ്മ പുതുക്കിയ ആഘോഷ പരിപാടിയിൽ ക്രിസ്മസ് കരോൾ, അലങ്കാര നക്ഷത്രങ്ങൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം ഒരുക്കിയിരുന്നു.
മനോഹരമായ സാംസ്കാരിക പ്രകടനങ്ങളും വിവിധ ഇന്ത്യൻ ഭാഷകളിലുള്ള കരോൾ, ദേശഭക്തി ഗാനങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തങ്ങളും ചിത്രീകരണങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. സാന്താക്ളോസ് എത്തി കുട്ടികൾ അടക്കമുള്ള സദസ്സിൽ ചോക്ലേറ്റ് വിതരണം ചെയ്തു. മുഴുവൻ മനുഷ്യരാശിക്കും സമാധാനത്തിനും ആരോഗ്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള മൗന പ്രാർത്ഥനയോടെ പരിപാടികൾ സമാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളായ സീറോ മലബാർ സഭ, എസ്.എം.സി.എ ജിദ്ദ, സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ചർച്ച്, ലാറ്റിൻ കാതോലിക്ക് ചർച്ച്, മലങ്കര കാതോലിക്ക് കോൺഗ്രിഗേഷൻ, മാർതോമ കോൺഗ്രിഗേഷൻ, സി.എസ്.ഐ കോൺഗ്രിഗേഷൻ, ഗ്ലോറിയ ചർച്ച്, വേ ഓഫ് ലൈഫ് ചർച്ച് തുടങ്ങിയവരാണ് വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയത്. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ബോബി മാനാട്ട്, വി.വി വർഗീസ്, മനോജ് മാത്യു, അനിൽ കുമാർ, സുശീലാ ജോസഫ്, ജോസഫ് സന്തോഷ്, അജിത് സ്റ്റാൻലി, പീറ്റർ, ജോജി തുടങ്ങിയവർ നേതൃത്വം നൽകി.
അമൃത് മഹോത്സവ് വാരത്തിന്‍റെ ഭാഗമായി ഇന്ത്യൻ കോൺസുലേറ്റ് ജിദ്ദയിലെ ഒന്നിലധികം ലേബർ ക്യാമ്പുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാരും മറ്റ് പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഡിസംബർ 31ന് 'ബോണ്ടിങ് വിത്ത് സൈക്ലിംഗ്', ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും പ്രദർശിപ്പിക്കുന്ന 'എത്തിനിക് ഡേ', പുതുവത്സരത്തോടനുബന്ധിച്ച് 'സൗഹൃദങ്ങളുടെ ആഘോഷം' തുടങ്ങിയ പരിപാടികളും അമൃത് മഹോത്സവ് വാരത്തോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.