മലപ്പുറം സ്വദേശിയെ കൊന്ന ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
text_fieldsജിദ്ദ: മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇൗജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് (45) എന്നയാളെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ അഹ്മദ് ഫുആദ് അൽ സയ്യിദ് അൽ ലുവൈസിയെയാണ് ചൊവ്വാഴ്ച മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്.
ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനായിരുന്നു കുഞ്ഞലവി. 2021 ആഗസ്റ്റ് ഒന്നിന് (ചൊവ്വാഴ്ച) രാവിലെ 10ഓടെയായിരുന്നു സംഭവം. കമ്പനിയുടെ ഇടപാടുകാരിൽനിന്ന് സമാഹരിച്ച പണവുമായി മടങ്ങുേമ്പാൾ കുഞ്ഞലവിയെ വാഹനത്തിൽവെച്ച് കുത്തിവീഴ്ത്തിയ ശേഷം പണം കവർന്നെടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെല്ലുേമ്പാൾ വഴിയരികിൽ വാഹനത്തിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും രാജ്യത്തുനിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയും ചെയ്തു.
കുഞ്ഞലവിയുടെ കൂടെ ഇയാൾ വാഹനത്തില്‍ കയറുകയും കത്തി കൊണ്ട് ശരീരത്തിെൻറ പല ഭാഗങ്ങളില്‍ തുടരെ കുത്തി വീഴ്ത്തുകയുമായിരുന്നു. പണം കവരുകയായിരുന്നു ലക്ഷ്യമെന്നും പ്രതി സമ്മതിച്ചിരുന്നു. തുടർന്ന് കോടതി വധശിക്ഷ വിധിച്ചു. സുപ്രീംകോടതി ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ രാജാവ് കല്‍പന പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്നാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.