നാലുവർഷം നീണ്ട നിയമക്കുരുക്കിന് അറുതി; ആശ്വാസത്തോടെ നാടണഞ്ഞ് ജസ്റ്റിൻ
text_fieldsറിയാദ്: നാലു വർഷത്തിലേറെയായി നിയമക്കുരുക്കിലകപ്പെട്ട് ജീവിതം തള്ളിനീക്കിയ കന്യാകുമാരി സ്വദേശി ജസ്റ്റിൻ ആശ്വാസത്തോടെ നാട്ടിലേക്ക്. 22 വർഷമായി റിയാദിലെ നിർമാണമേഖലയിൽ ജോലിചെയ്യുന്ന ഇയാൾ ഒമ്പതുവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്പോൺസറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോകുന്നതിനായി തയാറായതായിരുന്നു ജസ്റ്റിൻ. അപ്പോഴേക്കും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടു.
ദിനംതോറും അവസ്ഥ മാറിവരുകയും ലോകം അടച്ചിടലിലേക്ക് നീങ്ങിയേക്കാമെന്ന മാധ്യമവാർത്തകൾ ശ്രദ്ധയിൽപെടുകയും ചെയ്തതോടെ നാട്ടിൽ പോയശേഷം പുതിയ വിസയിൽ തിരിച്ചുവരാമെന്ന മോഹം നടക്കാൻ സാധ്യതയില്ല എന്ന ചിന്തയിൽ തൽക്കാലം നാട്ടിൽ പോകുന്നില്ല എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
കോവിഡിനെ ലോകം അതിജീവിച്ചെങ്കിലും ജസ്റ്റിന് എക്സിറ്റടിച്ചിട്ട് നാട്ടിൽ പോകാതിരുന്നത് വിനയായി. അത് വലിയ നിയമക്കുരുക്കായി മാറുകയായിരുന്നു. എങ്കിലും രണ്ടു വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികൾ ചെയ്ത് ജീവിച്ചുപോന്നു. അതിനിടയിൽ എക്സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാൽ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയുംപെട്ടെന്ന് രേഖകൾ ശരിയാക്കണമെന്നും സ്പോൺസർ ജസ്റ്റിനെ അറിയിച്ചു. ഇഖാമ പുതുക്കുന്നതിനുള്ള ഫീസും പിഴയുമായി 13,500 റിയാൽ സ്പോൺസർക്ക് നൽകി. രേഖകൾ ശരിയാക്കി നാട്ടിൽ പോകാനാകുമെന്ന ആശ്വാസത്തിൽ ആറു മാസത്തോളം കാത്തിരുന്നു. മറുപടി ലഭിക്കാതിരുന്നതിനാൽ വീണ്ടും സ്പോൺസറെ സമീപിച്ചപ്പോഴാണ്, ഇഖാമ പുതുക്കുന്നതിന് എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴയായി 40,000 റിയാൽ ഉണ്ടെന്ന് അറിയിക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്തുക പ്രയാസകരമായതിനാൽ മറ്റു മാർഗങ്ങൾ അന്വേഷിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിച്ചു.
തുടർന്ന് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്തുകയും എംബസിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഊഴത്തിനായി മൂന്നുമാസം വരെ കാത്തിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ എംബസിയുടെ നിരന്തര ശ്രമത്തിെൻറ ഫലമായി എക്സിറ്റ് കാലാവധി തീർന്നവർക്ക് കാലയളവ് നോക്കാതെ 1,000 റിയാൽ പിഴയടച്ച് എക്സിറ്റ് പോകാമെന്ന സൗദി അധികൃതരുടെ പുതിയ ഉത്തരവ് വന്നത്. നിശ്ചിത കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിനെപോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് തുണയായ ഈ ഉത്തരവിൽ രജിസ്റ്റർചെയ്ത് പരമാവധി ആളുകളെ സഹായിക്കാനാണ് എംബസിയുടെയും ശ്രമം. അതിനാൽ വേഗത്തിൽ കാര്യങ്ങൾ നീക്കിയതിനാൽ തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി എക്സിറ്റ് ലഭിച്ചു.
നിയമ ലംഘകർക്കെതിരെ സൗദി പരിശോധന ഊർജിതമാക്കിയതിനാൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവരുമോ എന്ന ഭയപ്പാടിലായിരുന്നു ഇത്രയും നാൾ കഴിഞ്ഞിരുന്നത്. എക്സിറ്റ് ലഭിച്ച് ആശ്വാസത്തോടെ കഴിഞ്ഞ ദിവസം ജസ്റ്റിൻ നാടണഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.