വംശനാശ ഭീഷണി നേരിടുന്ന കടലാമയെ രക്ഷിച്ച് ചെങ്കടലിൽ വിട്ടു
text_fieldsജിദ്ദ: വംശനാശഭീഷണി നേരിടുന്ന കടലാമയെ രക്ഷപ്പെടുത്തി ചെങ്കടലിലേക്ക് തിരികെ വിട്ടു. റെഡ് സീ അന്താരാഷ്ട്ര കമ്പനി, സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം, ഫക്കീഹ് അക്വേറിയം എന്നിവയുടെ സംയുക്ത സംഘമാണ് 'പരുന്ത് കൊക്ക്' എന്നറിയപ്പെടുന്ന ആമയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവിട്ടത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്ന ഇനമാണ് ഈ കടലാമ.
റെഡ് സീ കമ്പനിയുടെ പാരിസ്ഥിതിക സുസ്ഥിരതാ സംഘം ഒരു മാസം മുമ്പാണ് 'െഎകത്ത് റിസ്ക്' ദ്വീപിന് സമീപം വെള്ളത്തിൽ മുങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആമയെ കണ്ടെത്തിയത്. പരിശോധനയിൽ ആമക്ക് 'ഫ്ലോട്ടിങ് സിൻഡ്രോം' ഉണ്ടെന്നും അതിനാലാണ് സ്വമേധയാ മുങ്ങാനും സ്വതന്ത്രമായി ഭക്ഷണം കണ്ടെത്താനും കഴിയാത്തതെന്നും വ്യക്തമാക്കി. സുഖം പ്രാപിച്ച ശേഷം ആമയെ കണ്ടെത്തിയ ദ്വീപിനടുത്തുള്ള സ്ഥലത്ത് തന്നെ വിട്ടയച്ചു.
കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആമയുടെ ശരീരത്തിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ആമയുടെ സഞ്ചാരം, ആവാസ വ്യവസ്ഥകൾ, കൂടുണ്ടാക്കുന്ന സ്ഥലങ്ങൾ എന്നിവ നിരീക്ഷിക്കാനും വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണിത്.
പങ്കാളികളുമായി സഹകരിച്ച് വംശനാശഭീഷണി നേരിടുന്ന കടലാമകളെയോ മറ്റ് ജീവികളെയോ രക്ഷപ്പെടുത്തി സംരക്ഷിക്കാൻ റെഡ് സീ കമ്പനി നടത്തുന്ന ശ്രമങ്ങൾ ഇത് ആദ്യത്തേതല്ല. കഴിഞ്ഞ വർഷം അഞ്ച് കടലാമകളെ ഇതുപോലെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ആ ആമകൾ ആരോഗ്യകരമായ സ്ഥിതിയിലാണ് ചെങ്കടലിന്റെ കരകളോട് ചേർന്ന ഭാഗങ്ങളിൽ ഇപ്പോഴും കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.