അബോധാവസ്ഥയിലായ കർണാടക സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsബീഷ: അബോധാവസ്ഥയിലായ കർണാടക സ്വദേശിയെ നാട്ടിലെത്തിച്ചു. രണ്ടു മാസമായി ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കർണാടക ബിജാപുർ വിജയപുര സ്വദേശി സംഗാരപ്പ ഹട്ടിയെ (52) ആണ് തുടർചികിത്സക്കായി സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലേക്കയച്ചത്.
ദീർഘകാലമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞിട്ടും പുതുക്കിക്കിട്ടിയിരുന്നില്ല. ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റിൽ പുതുക്കാനായി അപേക്ഷിച്ചിരുന്നെങ്കിലും ചില തടസ്സങ്ങൾ പറഞ്ഞ് പുതുക്കിനൽകിയില്ല. കോൺസലേറ്റ് സംഘം ബീഷയിൽ എത്തിയപ്പോൾ ഇതിന്റെ കാരണം അന്വേഷിച്ചു. സംഗാരപ്പയുടെ പേരിൽ സ്വദേശത്ത് കേസുള്ളതുകൊണ്ടാണ് പാസ്പോർട്ട് പുതുക്കാത്തത് എന്ന മറുപടിയാണ് കിട്ടിയത്. ഇത് അറിഞ്ഞതിന്റെ പിറ്റേന്നാണ് കുഴഞ്ഞുവീണത്. അതോടെ അബോധാവസ്ഥയിലായി.
13 വർഷമായി ബീഷയിൽ മണ്ണുമാന്തിയന്ത്രം ഓപറേറ്ററായി ജോലിചെയ്യുന്ന ഇദ്ദേഹം ഒന്നരവർഷം മുമ്പാണ് നാട്ടിൽ പോയിവന്നത്. ഒരുമാസത്തോളം അബോധാവസ്ഥയിൽ കിടന്ന ഇയാളെക്കുറിച്ച് മറ്റൊരു കർണാടക സ്വദേശി കോൺസലേറ്റ് വെൽഫെയർ മെംബറും ബീഷയിലെ സാമൂഹികപ്രവർത്തകനുമായ അബ്ദുൽ അസീസ് പാതിപറമ്പനുമായി ബന്ധപ്പെട്ട് സഹായംതേടുകയായിരുന്നു.
തുടർന്ന് അദ്ദേഹം സ്പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചു. ആവശ്യമായ എന്തുസഹായവും ചെയ്യാൻ തയാറാണെന്ന് സ്പോൺസർ മറുപടി പറഞ്ഞു. കോൺസലേറ്റുമായി ബന്ധപ്പെട്ട് എമർജൻസി പാസ്പോർട്ട് സംഘടിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ബീഷയിൽനിന്ന് റിയാദ്-മുംബൈ വഴി പോയ വിമാനത്തിൽ മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെ നാട്ടിലേക്കയച്ചു. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ആശുപത്രിച്ചെലവുകൾ അടക്കം എല്ലാം സ്പോൺസർ വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.