അനന്തോത്സവം 2023: തിരുവനന്തപുരം സ്വദേശി സംഗമം വാർഷികോത്സവം നാളെ
text_fieldsജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദ പത്തൊമ്പതാം വാർഷികാഘോഷം വെള്ളിയാഴ്ച വിപുലമായ കലാ, സാംസ്കാരിക പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
'അനന്തോത്സവം 2023' എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടികൾ വൈകീട്ട് ആറ് മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് നടക്കുക. സിനിമ പിന്നണി ഗായകരായ സിയാഉൽ ഹഖ്, ശിഖ പ്രഭാകരൻ എന്നിവർ സംഗീതപരിപാടി അവതരിപ്പിക്കും. ഉത്സവത്തിമിർപ്പിന്റെ താളം തീർത്ത് ജിദ്ദയിലാദ്യമായി ശിങ്കാരിമേളം ലൈവായി പരിപാടിയിൽ അരങ്ങേറും.
റിയാദ് പോൾസ്റ്റാർ അക്കാദമി അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങളും ടി.എസ്.എസ് അംഗങ്ങളും ജിദ്ദയിലെ മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് നൽകിവരാറുള്ള ടി.എസ്.എസ് പ്രതിഭ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് വാസു വെള്ളത്തേടത്ത്, കലാരംഗത്തെ മികവിനുള്ള മഹേഷ് വേലായുധൻ സ്മാരക അവാർഡ് സന്തോഷ് കടമ്മനിട്ട എന്നിവർക്ക് സമ്മാനിക്കും. ഖുർആൻ കാലിഗ്രഫിയിൽ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ് നേടിയ ആമിന മുഹമ്മദിനെ ആദരിക്കും.
പ്രസിഡന്റ് അജി ഡി. പിള്ള, വൈസ് പ്രസിഡന്റ് ഷബീർ സുബൈറുദ്ദീൻ, ട്രഷറർ മുഹമ്മദ് ബിജു, മീഡിയ കൺവീനർ തരുൺ രത്നാകരൻ, പ്രോഗ്രാം കൺവീനർ വിജേഷ് ചന്ദ്രു, ജോയിന്റ് സെക്രട്ടറി ഷാഹിൻ ഷാജഹാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.