ത്വാഇഫ് കിങ് അബ്ദുൽ അസീസ് കൊട്ടാരം: സൗന്ദര്യമെഴും വാസ്തുകലയുടെ തലയെടുപ്പ്
text_fieldsയാംബു: സൗദിയുടെ വാസ്തുശിൽപഭംഗിയെഴുന്ന സ്മാരകസൗധമാണ് ത്വാഇഫിലെ അൽമുവൈഹിൽ തലയെടുപ്പോടെ നിൽക്കുന്ന കിങ് അബ്ദുൽ അസീസ് കൊട്ടാരം. മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിട്ടും പുതുമയോടെ നിലകൊള്ളുന്ന ഈ കൊട്ടാരം വിസ്‌മയക്കാഴ്ചയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ പണിപൂർത്തിയാക്കിയ കൊട്ടാരം ത്വാഇഫ് പട്ടണത്തിന്‍റെ കിഴക്കുമാറി 185 കിലോമീറ്റർ അകലെയാണ്. പഴയ അൽമുവൈഹിനും പുതിയ അൽമുവൈഹിനും ഇടയിലുള്ള ഹജ്ജ് റോഡിന്‍റെ ഓരം ചേർന്നാണിത്. 14,900 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള കൊട്ടാരം 4.5 മീറ്റർ ഉയരവും 100 സെന്‍റിമീറ്റർ കനവുമുള്ള കരിങ്കല്ലുകൾ കൊണ്ടാണ് നിർമാണം. നിരവധി നിരീക്ഷണഗോപുരങ്ങളും സുരക്ഷഭടന്മാർക്കുള്ള സംവിധാനവും ഉണ്ട്.
അതിഥികളെ സ്വീകരിക്കാൻ വിശാലമായ ഹാളുകളുമുണ്ട്. വിവിധ സർക്കാർ ഓഫിസുകളും കോട്ടക്കുള്ളിൽ പ്രവർത്തിക്കുന്നു. കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് രണ്ട് പ്രവേശന കവാടങ്ങളുള്ള ചതുരാകൃതിയിലുള്ള നിർമിതി ആകർഷണീയമാണ്. പ്രധാന കവാടത്തിനടുത്തായി ഹൗസിങ്, സർവിസ് യൂനിറ്റുകൾ, ഭക്ഷണശാല, കിടപ്പുമുറികൾ, കുളിമുറികൾ, അതിഥിമന്ദിരങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു.
വടക്കുവശത്തുള്ള പ്രധാന കവാടത്തിനരികെ സുലഭമായി വെള്ളം ലഭിക്കുന്ന രണ്ട് കിണറുമുണ്ട്. കൂടാതെ പള്ളി, ഗോപുരങ്ങൾ, കോഫി തയാറാക്കുന്ന മുറി, പെട്രോൾ പമ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 85 വർഷം മുമ്പ് (ഹിജ്റ വർഷം 1357ൽ) നിർമിച്ച കൊട്ടാരത്തിൽ ആധുനിക സൗദിരാഷ്ട്ര സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് സന്ദർശനം നടത്താറുണ്ടായിരുന്നു. സൗദി ചരിത്രത്തിൽ കൊട്ടാരത്തിന് സുപ്രധാന സ്ഥാനമാണുള്ളത്. വേനൽകാലത്ത് ചില ദിവസങ്ങൾ ചെലവഴിക്കാൻ അസീസ് രാജാവ് ഇവിടെ എത്താറുണ്ടായിരുന്നു. ഹജ്ജിനും ഉംറക്കും മക്കയിലേക്കുള്ള യാത്രക്കിടയിൽ രാജാവ് ഈ കൊട്ടാരത്തിലെത്തി പ്രദേശത്തെ പൗരന്മാരുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.