സൗദി അറേബ്യയിലുടനീളമുള്ള പുരാതന ശിലാചിത്രങ്ങൾ ലോകശ്രദ്ധ നേടുന്നു
text_fieldsജുബൈൽ: സൗദി അറേബ്യയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന പുരാതന ശിലാചിത്രങ്ങൾ ലോകശ്രദ്ധ നേടുന്നു. അറേബ്യൻ പെനിൻസുലയുടെ ചരിത്രത്തിലും സംസ്കാരങ്ങളിലുമുണ്ടായ മാറ്റങ്ങളും സംഭവവികാസങ്ങളും അന്നത്തെ നാഗരികർ പരിസ്ഥിതിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന്റെയും തെളിവുകളാണ് ഓരോ ശിലാ ചിത്രങ്ങളും. തെക്കൻ സൗദി നഗരമായ നജ്റാനിൽ കണ്ടെത്തിയ കൊത്തുപണികളുള്ള രണ്ടു സ്ത്രീകളുടെ ചിത്രം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒന്ന് ആഭരണങ്ങൾകൊണ്ട് അലങ്കരിച്ച നിലയിലും മറ്റൊന്ന് അരയിൽ കുന്തം വഹിക്കുന്ന ഒരാളുടെ അടുത്ത് നൃത്തം ചെയ്യുന്ന നിലയിലുമാണ്. ഇവ സ്ത്രീകളുടെ പ്രാധാന്യം, കാലഘട്ടം എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങൾക്ക് നിമിത്തമാവുന്നു. സൗദിയിലെ ഏറ്റവും പുരാതനമായ ശിലാചിത്രങ്ങൾ 7000 വർഷം പഴക്കമുള്ളതും അവ കൂടുതലും പുരാതന വ്യാപാരപാതക്കു സമീപവുമാണ് കാണപ്പെടുന്നത്.
ബി.സി എട്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ച തമുദിക് ലിപിയിൽ എഴുതിയ ലിഖിതങ്ങൾ ഇവയിലുണ്ട്. ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ മധ്യത്തിലെ രചനകളിൽ പുരാതന ദക്ഷിണ അറേബ്യൻ ലിപി ഉപയോഗിച്ചിട്ടുണ്ട്. രണ്ടു തരം ലിപികളുടെ ഉപയോഗത്തിന് നിരവധി അർഥങ്ങളുണ്ട്. ലിപികളെക്കുറിച്ചുള്ള പുരാതന മനുഷ്യരുടെ അറിവ്, സമൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയം എന്നിവയെ സൂചിപ്പിക്കുന്നു. തമുദിക് ലിപി വടക്കൻ മേഖലകളിൽ ഉത്ഭവിക്കുകയും അറേബ്യൻ പെനിൻസുലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിക്കുകയുമായിരുന്നു.
ശിലയിലെ ചിത്രത്തിൽ ഒരാൾ രണ്ടു കുന്തങ്ങൾ വലതു കൈയിലും ഒന്ന് ഇടതു കൈയിലും അരയിൽ ഒരു കഠാരയും വെച്ചിട്ടുണ്ട്. അലങ്കാര ആവശ്യങ്ങൾക്കോ മറ്റു മതപരമായ പ്രാധാന്യമുള്ളതോ ആയ ഒരു പെൻഡന്റും പിടിച്ചിരിക്കുന്നു. കുന്തവും കഠാരയും ശക്തിയെ പ്രതീകപ്പെടുത്തുന്നവയാണ് അല്ലെങ്കിൽ യുദ്ധം ചെയ്യാനും ശത്രുവിനെ നേരിടാനുമുള്ള തയാറെടുപ്പുകൾ സൂചിപ്പിക്കുന്നു.
ഈ പ്രദേശത്തെ ലിഖിതങ്ങളും ശിലാചിത്രങ്ങളും വസ്ത്രങ്ങൾ, അലങ്കാര ഉപകരണങ്ങൾ, ആയുധങ്ങൾ, കല്ല് അടുപ്പുകൾ, ചതുരാകൃതിയിലുള്ളതും കോണാകൃതിയിലുള്ളതുമായ നിർമാണങ്ങൾ, തടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഒട്ടകങ്ങൾ, പശുക്കൾ, ഐബെക്സ്, ഫലിതം, സിംഹങ്ങൾ, ചെന്നായ്ക്കൾ തുടങ്ങിയ വന്യമൃഗങ്ങളുടെ ചിത്രങ്ങളും കാണാം. കുന്തങ്ങൾ ഉപയോഗിച്ചുള്ള യുദ്ധങ്ങളും ചിത്രങ്ങളിൽ കാണാം. പുരുഷന്മാരുടെ ചിത്രങ്ങളിൽ ചിലതിൽ പുരുഷന്മാർ ശിരോവസ്ത്രം ധരിച്ചതായി കാണുന്നുണ്ടെന്ന് കിങ് സൗദ് സർവകലാശാലയിലെ പുരാതന ചരിത്ര പ്രഫസറായ സൽമ ഹവ്സാവി പറഞ്ഞു. നജ്റാനിലെ യാദ്മ ഗവർണറേറ്റിലെ സദർ അൽ-നഖയിൽ രണ്ടു സ്ത്രീകൾ വരയ്ക്കുന്ന ശിലാചിത്രം വർഷങ്ങളായി പഠനത്തിനും ഗവേഷണത്തിനും ചർച്ചകൾക്കും വിധേയമാണ്. ചിലർ ഇത് ഒരു ആഘോഷമാണെന്നും മറ്റുചിലർ യുദ്ധനൃത്തമാണെന്നും പറയുന്നു. ഗവേഷകരിൽനിന്ന് വളരെയധികം ശ്രദ്ധ നേടിയ ഇത് ഏറ്റവും ഉയർന്ന പർവതത്തിലാണ് സ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ കമീഷനുമായി ബന്ധപ്പെട്ട പ്രഫഷനൽ മെക്സിക്കൻ ഫോട്ടോഗ്രാഫർ 1997ലാണ് ഈ ചിത്രമെടുത്തതെന്ന് ഗവേഷകനായ സാലിഹ് അൽ മുരീഹ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.