ലേബർ കോടതിവിധികളിൽ 35 ശതമാനവും വേതന കേസുകളിൽ -മന്ത്രാലയം
text_fieldsറിയാദ്: രാജ്യത്തുണ്ടാകുന്ന ലേബർ കോടതിവിധികളിൽ 35 ശതമാനവും തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകളിലാണെന്ന് സൗദി നീതി മന്ത്രാലയം. രാജ്യത്തെ വിവിധ മേഖലകളിലെ ലേബർ കോടതികൾ 1.68 ലക്ഷം വിധിന്യായങ്ങൾ പുറപ്പെടുവിച്ചതായി മന്ത്രാലയവൃത്തങ്ങൾ വെളിപ്പെടുത്തി.
2018 നവംബറിൽ ലേബർ കോടതികൾ പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള കണക്കാണിത്. ഇതിൽ 60,000ത്തിലധികവും (35 ശതമാനം) വേതനവുമായി ബന്ധപ്പെട്ട കേസുകളിലെ വിധികളാണ്. 2021ൽ കോടതികളും തൊഴിൽ വകുപ്പുകളും 63,000ത്തിലധികം വിധികളും 2022ൽ 20,000 വിധികളും പുറപ്പെടുവിച്ചു.
തൊഴിലുടമയുമായി ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ, ഗാർഹിക സേവന കേസുകൾ എന്നിവ കൂടാതെ ബോണസ്, നഷ്ടപരിഹാരം, അലവൻസുകൾ എന്നിവ സംബന്ധിച്ച കേസുകളുമാണ് വേതനം കഴിഞ്ഞാൽ തൊട്ടടുത്തു നിൽക്കുന്ന പരാതികൾ. തൊഴിൽ കരാറുകൾ, വേതനം, അവകാശങ്ങൾ, ജോലിക്കിടെയുണ്ടാകുന്ന പരിക്കുകൾ, അവക്കുള്ള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉൾപ്പെടെ പരിഗണിക്കുന്നതിനുള്ള സ്ഥാപനങ്ങളാണ് ലേബർ കോടതികൾ.
തൊഴിലുടമ തൊഴിലാളിയുടെ മേൽ അച്ചടക്ക പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ, തൊഴിൽ നിയമത്തിന്റെയും സോഷ്യൽ ഇൻഷുറൻസ് (ഗോസി) നിയമത്തിന്റെയും പ്രയോഗത്തിൽനിന്ന് ഉയർന്നുവരുന്ന തർക്കങ്ങൾ, തൊഴിൽ നിയമത്തിൽ അനുശാസിക്കുന്ന പിഴകൾ ചുമത്തുന്നകേസുകൾ തുടങ്ങിയവയും കോടതിയുടെ പരിധിയിൽ വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.