അഞ്ചുവർഷമായി സൗദിയിൽ കുടുങ്ങിയ ആന്ധ്ര സ്വദേശിനിക്ക് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsദമ്മാം: വീട്ടുജോലിക്കെത്തി സൗദി അറേബ്യയിൽ അഞ്ചുവർഷം കുടുങ്ങിപ്പോയ ആന്ധ്ര സ്വദേശിനി മലയാളി, തമിഴ് സാമൂഹിക പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരിയാണ് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങിയത്. അഞ്ചു വർഷം മുമ്പാണ് നാഗേശ്വരി സൗദിയിലെ ഹഫർ അൽബാത്വിനിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കെത്തിയത്.
പണം കടമായി വാങ്ങി വിസ ഏജൻറിന് നൽകിയാണ് നാഗേശ്വരി ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്ത് എത്തിയത്. എന്നാൽ, ആ വീട്ടിലെ ജോലിസാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ശമ്പളം കൃത്യമായി കൊടുത്തിരുന്നിെല്ലന്നു മാത്രമല്ല ചോദിച്ചാൽ ദേഹോപദ്രവം വരെ ഏൽപിച്ചിരുന്നു എന്ന് നാഗേശ്വരി പറയുന്നു. നാട്ടിലെ കുടുംബത്തിെൻറ സാമ്പത്തികാവസ്ഥ ഓർത്ത് അവർ ആ ദുരിതം ഏറെ സഹിച്ചു.
ഒടുവിൽ സഹികെട്ടപ്പോൾ ഒരു വർഷത്തിനുശേഷം നാഗേശ്വരി അവിടെനിന്ന് പുറത്തുചാടി. ഇന്ത്യൻ എംബസിയിലേക്കു പോയി സഹായം ചോദിക്കാം എന്നു കരുതി നടന്ന അവരെ, വഴിയിൽവെച്ച് ഒരു സൗദി പൊലീസ് ഉദ്യോഗസ്ഥൻ കണ്ടു വിവരങ്ങൾ തിരക്കി. നാഗേശ്വരിയുടെ ദയനീയാവസ്ഥ അറിഞ്ഞ നല്ലവനായ അയാൾ അവരെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി വീട്ടുജോലിക്കു നിർത്തി.
നാലു വർഷം ആ വീട്ടിൽ നാഗേശ്വരി ജോലി ചെയ്തു. കൃത്യമായി ശമ്പളവും നല്ല ജോലിസാഹചര്യങ്ങളും അവിടെ അവർക്ക് കിട്ടി. സൗദിയിൽ വന്നിട്ട് അഞ്ചു വർഷം കഴിഞ്ഞപ്പോൾ നാട്ടിലേക്കു മടങ്ങാൻ അവർ ആഗ്രഹിച്ചു. എന്നാൽ, പഴയ സ്പോൺസർ ഹുറൂബ് (ഒളിച്ചോടിയെന്ന നിയമക്കുരുക്ക്) ആക്കിയതിനാലും പാസ്പോർട്ടോ ഇഖാമയോ ഇല്ലാത്തതിനാലും ഉള്ള നിയമക്കുരുക്കുകൾ കാരണം നാട്ടിലേക്കു മടങ്ങാൻ ബുദ്ധിമുട്ടായിരുന്നു. ഒരു പരിചയക്കാരൻ വഴി നാഗേശ്വരി ജുബൈലിലെ തമിഴ് സാമൂഹികപ്രവർത്തകനായ യാസിറിനെ ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർഥിച്ചു. യാസിർ ദമ്മാമിലെ നവയുഗം സാംസ്കാരിക വേദി വൈസ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചപ്പോൾ, നാഗേശ്വരിയെ ഹഫർ അൽബാത്വിനിൽനിന്നു ദമ്മാമിൽ എത്തിച്ചാൽ ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി നൽകാം എന്ന് മഞ്ജു ഉറപ്പുനൽകി.
മഞ്ജു ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ഈ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യാസിറും തമിഴ് സാമൂഹികപ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരും ചേർന്ന് ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗേശ്വരിയെ ദമ്മാമിൽ എത്തിച്ച് മഞ്ജു മണിക്കുട്ടനെ ഏൽപിച്ചു. നാഗേശ്വരിയെ മഞ്ജു സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു. താമസിയാതെ മഞ്ജു ഇന്ത്യൻ എംബസിയിൽനിന്ന് നാഗേശ്വരിക്ക് ഔട്ട്പാസ് വാങ്ങി നൽകുകയും വനിത അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചുനൽകുകയും ചെയ്തു.
തമിഴ് സാമൂഹികപ്രവർത്തകർ ഡി.എം.കെയുടെ സൗദി പോഷക ഘടകത്തിെൻറ സഹായത്തോടെ നാഗേശ്വരിക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് നാഗേശ്വരി നാട്ടിലേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.