വേദികളിൽ നിറഞ്ഞുപാടി അനീഖ് ഹംദാൻ
text_fieldsസുലൈമാൻ വിഴിഞ്ഞം
റിയാദ്: റിയാദിലെ സംഗീതവേദികളിലെ സ്ഥിരം സാന്നിധ്യമാണ് അനീഖ് ഹംദാൻ. മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയാണ് ഈ 11 വയസ്സുകാരൻ. ഒന്നര വർഷം മുമ്പ് റിയാദിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'അല്ഹൻ കേരള'യിലൂടെയാണ് ഈ പാട്ടുകാരനെ പ്രവാസലോകം അറിയുന്നത്. അന്ന് 'ചിത്രവർഷങ്ങൾ' എന്ന സംഗീത പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 ഫൈനലിസ്റ്റുകളിൽ ഒരാളാണ് അനീഖ് ഹംദാൻ. റിയാദിലെ അൽആലിയ ഇൻറർനാഷനൽ സ്കൂളിലെ ആറാം തരം വിദ്യാർഥിയാണ് അനീഖ്. ഗുരുക്കന്മാരുടെ കീഴിൽ മുമ്പ് സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ശ്രോതാക്കളുടെ മനം കവരാൻ അനീഖിെൻറ സംഗീതത്തിന് കഴിയും. നിരവധി സംഗീതമത്സരങ്ങളിൽ പങ്കെടുത്ത് ഇതിനകം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മൂന്നോളം സംഗീത ആൽബങ്ങളിൽ പാടാൻ അവസരം ലഭിച്ച അനീഖ് നല്ലൊരു ഡാൻസർകൂടിയാണ്. മുഹബത്ത്, നന്മമനസ്സ്, ബാപ്പയും ഉമ്മയും തുടങ്ങിയ സംഗീത ആൽബങ്ങളിൽ അഭിനയിച്ചു. കരിപ്പൂർ വിമാനാപകടത്തെ ആസ്പദമാക്കി ഹമീദ് പൂവാട്ടുപറമ്പ് രചിച്ച ഗാനം അനീഖ് പാടിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നടത്തിയ സംഗീതമത്സരങ്ങളിൽ ദേശീയ തലംവരെ അനീഖ് ഹംദാൻ എത്തിയിട്ടുണ്ട്. ഇപ്പോൾ റിയാദിലെ കലാസന്ധ്യകളിൽ അനീഖ് സ്ഥിരം താരമാണ്. ചിത്രവർഷങ്ങളുടെ വേദിയിൽ മലയാളത്തിെൻറ വാനമ്പാടി ചിത്രയിൽനിന്ന് ഹസ്തദാനം ലഭിച്ചത് മറക്കാനാകാത്ത അനുഭവമായി അനീഖ് ഓർത്തുവെക്കുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണപിന്തുണയുണ്ട് ഇൗ മിടുക്കന്. ഇപ്പോൾ റിയാദിലെ സംഗീതാധ്യാപകൻ സത്താർ മാവൂരിെൻറ കീഴിൽ സംഗീതം അഭ്യസിച്ചുതുടങ്ങുന്നു. പഠനത്തിൽ മിടുക്കനായ അനീഖിന് ഐ.എ.എസ് നേടാനാണ് മോഹം. ബിസിനസ് രംഗത്തുള്ള മുനീർ ഹംദാൻ പിതാവും തസ്നി വേങ്ങാട്ട് മാതാവുമാണ്. അൽആലിയ സ്കൂളിലെ രണ്ടാം തരം വിദ്യാർഥിനി അയൻ ഫാത്വിമയാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.