രോഗം വേട്ടയാടിയ അനിൽ പ്രജ്ഞയറ്റ് കിടന്നത് ആറുമാസം
text_fieldsറിയാദ്: ജോലിക്കിടെ ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ച അനിൽ പ്രജ്ഞയറ്റ് കിടന്നത് ആറുമാസം. ആലപ്പുഴ നൂറനാട് സ്വദേശിയായ അനിൽ പുത്തൻവീട്ടിലിനെ ഈ കാലളവിലെല്ലാം സൗജന്യമായ പരിചരിച്ചത് സൗദി ആരോഗ്യ മന്ത്രാലയമാണ്. ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.
2023 നവംബറിൽ റിയാദിലെ ഒരു കൃഷിത്തോട്ടത്തിലെ ജോലിക്കാണ് അനിൽ സൗദി അറേബ്യയിലെത്തിയത്. മൂന്ന് മാസത്തിനുശേഷം തൊഴിലിടത്തിൽവെച്ചാണ് ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ചത്.
തുടർന്ന് ബുറൈദയിലെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററിലാണ് കഴിഞ്ഞത്. ശേഷം മിദ്നബ് ജനറൽ ആശുപത്രിയിലേക്കു മാറ്റി. അർധബോധാവസ്ഥയിൽ ആറുമാസം ആശുപത്രിയിൽ തുടർന്നു. നാട്ടിലേക്കു കൊണ്ടുപോകുന്നതിന് ആരോഗ്യസ്ഥിതി മെച്ചപ്പെടുമോ എന്നറിയാൻ കാത്തുനിന്നെങ്കിലും പുരോഗതിയുണ്ടായില്ല.
തുടർന്ന് കൊടിക്കുന്നിൽ സുരേഷ് അനിലിന്റെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് കത്ത് നൽകി. അതിന്റെ പകർപ്പ് പൊതുപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനും നൽകി. എംബസിയുടെ അനുമതിയോടെ ശിഹാബ് കേസിൽ ഇടപെടുകയും യാത്രക്കായുള്ള തയാറെടുപ്പ് ആരംഭിക്കുകയും ചെയ്തു.
എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോഴാണ് സൗദിയിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും അനിലിന് ഇഖാമ ലഭിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്.
സ്പോൺസറെ ബന്ധപ്പെട്ട് ഇഖാമ എടുത്ത് എക്സിറ്റ് വിസ നൽകാൻ ആവശ്യപ്പെട്ടു. സാമ്പത്തികശേഷിയില്ലാത്തതിനാൽ എയർ ടിക്കറ്റും റിയാദിലേക്കുള്ള ആംബുലൻസ് ഫീസും നൽകാൻ സ്പോൺസർക്ക് കഴിഞ്ഞില്ല. ഇക്കാര്യം ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതിനാവശ്യമായ ഫണ്ട് സമാഹരിച്ചു നൽകി.
അപ്പോഴേക്കും ആരോഗ്യമന്ത്രാലയത്തിന്റെ ആംബുലൻസിൽ അനിലിനെ റിയാദ് എയർപ്പോർട്ടിൽ എത്തിക്കാനുള്ള ഏർപ്പാടുണ്ടാക്കാമെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. ഒ.ഐ.സി.സി നൽകിയ തുക അവരുടെ നിർദേശപ്രകാരം അനിലിന്റെ തുടർചികിത്സക്ക് വീട്ടുകാരുടെ കൈയിലേൽപ്പിച്ചു. തുടർന്ന് അനിലിനും കൂടെ യാത്ര ചെയ്യുന്നയാൾക്കും വേണ്ട ടിക്കറ്റുൾപ്പടെയുള്ള ആവശ്യങ്ങളും സ്പോൺസറുടെ സാമ്പത്തികാവസ്ഥയും എബസിയെ അറിയിച്ചു.
സ്ട്രെച്ചർ സർവിസിനും കൂടെ യാത്ര ചെയ്യുന്നയാൾക്കുള്ള ടിക്കറ്റിനുമുള്ള ചെലവ് എംബസി വഹിച്ചു. കോഴിക്കോട്ടേക്കാണ് ടിക്കറ്റ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളജിലാണ് അഡ്മിറ്റ് ചെയ്യേണ്ടത്.
കോഴിക്കോട്നിന്ന് കോട്ടയത്തേക്കുള്ള ആംബുലൻസിന് ‘നോർക’യുടെ സഹായം തേടി. കോൺഗ്രസ് നേതാവ് അഡ്വ. അനിൽ ബോസ് നോർകയുടെ ആംബുലൻസിനെയും ആവശ്യമായ മെഡിക്കൽ ജീവനക്കാരെയും ലഭ്യമാക്കുന്നതിനുവേണ്ടി ഇടപെട്ടു. കൃത്യസമയത്ത് തന്നെ ആംബുലൻസ് എയർപ്പോർട്ടിലെത്തിച്ച് അനിലിനെ കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.
എംബസി കമ്യൂണിറ്റി വെൽഫെയർ ഉദ്യോഗസ്ഥരായ മോയിൻ അക്തർ, ബി.എസ്. മീന, ശറഫുദ്ദീൻ, ആശുപത്രിയിലെ നഴ്സ് അശ്വതി, റിയാദ് ഒ.ഐ.സി.സി ട്രഷറർ സുഗതൻ നൂറനാട്, ബുറൈദയിലെ പൊതുപ്രവർത്തകൻ ഹരിലാൽ, സജീവ് തുടങ്ങിയ കുറെ സുമനസ്സുകൾ കൈകോർത്തപ്പോൾ തളർന്ന ശരീരത്തോടെയാണെങ്കിലും അനിലിന് ഉറ്റവരുടെ ചാരത്തണയാനായി. സാമ്പത്തിക ഭദ്രതയില്ലാത്ത അനിലിന്റെ കുടുംബം തുടർ ചികിത്സക്കും മറ്റാവശ്യങ്ങൾക്കും പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.