നീതിന്യായ രംഗത്ത് നാല് നിയമനിർമാണങ്ങൾ പ്രഖ്യാപിച്ച് കിരീടാവകാശി
text_fieldsജിദ്ദ: സൗദിയിലെ നീതിന്യായ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനും രാജ്യത്തെ നിയമനിർമാണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായി സൗദി അറേബ്യ ഈ വർഷം നാല് പ്രധാന നിയമനിർമാണങ്ങൾ നടത്തുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
വ്യക്തിഗത വിവരങ്ങൾ, സിവിൽ വ്യവഹാരം, വിവേചനാധികാരത്തിനുള്ള ശിക്ഷാനിയമം, തെളിവുകളുടെ നിയമം എന്നിങ്ങനെയാണ് നാല് പുതിയ നീതിന്യായ പരിഷ്കാര നിയമങ്ങൾ. കോടതി വിധികളുടെ പ്രവചനം, ജുഡീഷ്യൽ സ്ഥാപനങ്ങളുടെ സമഗ്രതയും കാര്യക്ഷമതയും വർധിപ്പിക്കൽ, നടപടിക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിശ്വാസ്യത ഉറപ്പുവരുത്തൽ തുടങ്ങിയവയാണ് പുതിയ നിയമനിർമാണങ്ങൾകൊണ്ട് ലക്ഷ്യമാക്കുന്നത്.
കോടതി വിധികളിലെ പൊരുത്തക്കേടുകൾ ചില സംഭവങ്ങളിലെങ്കിലും നിയമങ്ങളിൽ വ്യക്തതയില്ലായ്മക്ക് കാരണമായിട്ടുണ്ട്. ഇത് സ്ത്രീകളടക്കമുള്ള പലരെയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ പരിഷ്കാരങ്ങളിലൂടെ നിയമ വ്യവസ്ഥകളിലെ വ്യവഹാരങ്ങൾ സംബന്ധിച്ച വ്യക്തതയില്ലായ്മ, വ്യക്തികൾക്കും ബിസിനസുകൾക്കുമായി വ്യക്തമായ നിയമ ചട്ടക്കൂടിെൻറ അഭാവം തുടങ്ങിയവ പരിഹരിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തെ നിയമനിർമാണ അന്തരീക്ഷം വികസിപ്പിക്കുന്നതിന് പ്രധാനപ്പെട്ട പല നടപടികളും കൈക്കൊണ്ടുവരുകയാണെന്ന് കിരീടാവകാശി പ്രസ്താവിച്ചു.
അവകാശങ്ങൾ സംരക്ഷിക്കുക, നീതി, സുതാര്യത, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുക എന്നിവയാണ് പരിഷ്കരണം വഴി നടപ്പാക്കുന്നത്. പുതിയ കരട് നിയമങ്ങൾ മന്ത്രിസഭയുടെ അവലോകനത്തിനും പരിഗണനയ്ക്കും ശേഷം ശൂറ കൗൺസിലിന് സമർപ്പിക്കാനുള്ള തയാറെടുപ്പുകളിലാണെന്നും കിരീടാവകാശി വ്യക്തമാക്കി. കുറച്ചു വർഷങ്ങൾക്ക് മുമ്പ് 'ജുഡീഷ്യൽ തീരുമാനങ്ങളുടെ കോഡ്' എന്നറിയപ്പെടുന്ന ഒരു കരട് ഈ രംഗത്ത് തയാറാക്കിയിരുന്നു. എന്നാൽ സമൂഹത്തിെൻറ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിൽ ഇത് പര്യാപ്തമല്ലായിരുന്നു.
അതിനാൽ, അന്താരാഷ്ട്ര കൺവെൻഷനുകൾക്കും ഉടമ്പടികൾക്കും കീഴിൽ രാജ്യത്തിെൻറ പ്രതിബദ്ധത കണക്കിലെടുത്ത് ശരീഅത്ത് തത്ത്വങ്ങൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ നിലവിലെ നിയമപരവും അന്താരാഷ്ട്ര ജുഡീഷ്യൽ നടപടികളും മാനദണ്ഡങ്ങളും അവലംബിച്ച് ഈ നാല് നിയമങ്ങൾ തയാറാക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള നടപടികളുടെ തുടർച്ചയായ പ്രക്രിയയാണിതെന്നും കരട് നിയമ പരിഷ്കരണങ്ങൾ ഈ വർഷംതന്നെ പ്രഖ്യാപിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.