മക്ക ഹറമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ഇഫ്താർ സുപ്രകളുണ്ടാകും
text_fieldsജിദ്ദ: ഇരുഹറം കാര്യാലത്തിന് കീഴിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ഇരുഹറം കാര്യാലയ ആസ്ഥാനത്ത് വാർത്താ മന്ത്രി ഇൻചാർജ്ജ് ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയുടെയും നിരവധി മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. കോവിഡ് മുൻകരുൽ നടപടികൾ ഭാഗികമായി എടുത്ത കളഞ്ഞ ശേഷമുള്ള റമദാനിലെ പ്രവർത്തന പദ്ധതി ഇരുഹറം കാര്യാലയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യ പരിസ്ഥിതിക്കായി കോവിഡ് മൂർധന്യത്തിലും അതിനും മുമ്പും നടത്തികൊണ്ടിരിക്കുന്ന അണുനശീകരണ, ശുചീകരണ ജോലികൾ തുടരുമെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. ഹറമിലെത്തുന്നവർക്ക് കർമങ്ങൾ സുഗമമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി പരമാവധി സുഖസൗകര്യങ്ങൾ കൈവരിക്കുന്നതിനും സംരംഭങ്ങളും പ്രോഗ്രാമുകളും സേവനങ്ങളും വൈവിധ്യവത്കരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. വിവിധ മേഖകളിലെ സേവനങ്ങൾക്ക് നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ സജ്ജമാക്കുന്നതിനും പ്രോഗ്രാമുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും പ്രവർത്തിച്ചിട്ടുണ്ട്. തീർഥാടകർക്ക് ഫലപ്രദമായി സേവനം നൽകുന്നതിന് ഹറമിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്മാർട്ട് റോബോട്ടുകളെ സേവനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി ചൂണ്ടിക്കാട്ടി.
റമദാനിൽ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിനായി ഇരുഹറം കാര്യാലയം അതിന്റെ എല്ലാ മാനുഷിക ഊർജങ്ങളും വിനിയോഗിക്കും. പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം 12,000 പേർ സേവനത്തിനുണ്ടാകും. ഗൈഡൻസ്, ഓപറേഷൻ, ടെക്നിക്കൽ, എൻജിനീയറിങ്, മീഡിയ എന്നീ മേഖലകളിൽ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നാം സൗദി വിപുലീകരണത്തിന്റെ മുഴുവൻ സാധ്യതകളും കിങ് ഫഹദ് വികസന ഭാഗത്തെ മുഴുവൻ നിലകളും മുഴുവൻ മുറ്റങ്ങളും ആളുകളുടെ സുഗമമായ പോക്കുവരവുകളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കി ഉപയോഗപ്പെടുത്തും.
മതാഫിലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെൻറ് ഉംറ തീർഥാടകർക്ക് മാത്രമായിരിക്കും. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഹറമിൽ ഇഫ്താറുണ്ടാകും. നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഇഫ്താറിന് 2,000 അനുമതിപത്രങ്ങൾ നൽകും. ഹറമിൽ പ്രഭാഷണങ്ങളും പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മുതിർന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതന്മാരടക്കമുള്ള പ്രമുഖർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. രാജ്യത്തെ തെക്കൻ അതിർത്തികളിൽ നിലയുറപ്പിരിച്ചിക്കുന്ന സൈനികർക്ക് റമദാനിൽ സംസം എത്തിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.