13 മലയാളികളടക്കം 268 ഇന്ത്യക്കാരെ സൗദി നാടുകടത്തി
text_fieldsറിയാദ്: തൊഴിൽ, വിസാ നിയമങ്ങൾ ലംഘിച്ചതിന് റിയാദിൽ തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്. 13 മലയാളികളും 17 തമിഴ്നാട്ടുകാരും 18 ആന്ധ്ര, തെലങ്കാന സ്വദേശികളും 17 ബിഹാറികളും 114 ഉത്തർപ്രദേശുകാരും 50 പശ്ചിമബംഗാൾ സ്വദേശികളും ഒമ്പത് രാജസ്ഥാനികളുമാണ് സംഘത്തിലുള്ളത്.
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 53 പേരെ ദമ്മാമിൽ നിന്ന് റിയാദിലെത്തിച്ചതാണ്. റിയാദ് അൽഖർജ് റോഡിലെ ഇസ് കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ ഇനി 200ഒാളം ഇന്ത്യാക്കാരുണ്ട്. അവരെയും വൈകാതെ നാട്ടിലേക്ക് കയറ്റിവിടും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നത്.
കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3239 ആയി. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി 11ാമെത്ത സൗദി എയർലൈൻസ് വിമാനമാണ് ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.