കവിയുടെ പ്രണയസാക്ഷിയായ ‘അന്തറ പാറ’ പുരാവസ്തു ഏറ്റെടുക്കുന്നു
text_fieldsജിദ്ദ: ഖസീം പ്രവിശ്യയിലെ ‘അന്തറ പാറ’ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരാവസ്തു അതോറിറ്റി ആരംഭിച്ചു. ബുറൈദയുടെ വടക്കുപടിഞ്ഞാറ് ‘മർകസ് ഗാഫ് അൽജുവ’ എന്ന സ്ഥലത്താണ് പ്രാചീന കവിയായ അന്തറ ബിൻ ഷദ്ദാദിന്റെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന ‘അന്തറ പാറ’ സ്ഥിതിചെയ്യുന്നത്. ഈ പാറയുടെ അടുത്ത് വെച്ചാണ് കവി അന്തറയും ബന്ധുവായ അബ്ലയും തമ്മിലുള്ള പ്രണയത്തിന്റെയും കാവ്യജീവിതത്തിന്റെയും കഥ ആരംഭിക്കുന്നത്.
പിന്നീട് അന്തറ പാറ എന്ന പേരിൽ അത് അറിയപ്പെടുകയായിരുന്നു. ഇത് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനും ‘അന്തറ പാറ കേന്ദ്രം’ എന്ന പേരിൽ ഒരു മ്യൂസിയവും സന്ദർശകർക്ക് തങ്ങാനുള്ള സൗകര്യവും നിർമിക്കുന്നതിനുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൂടാതെ പുരാവസ്തു സ്ഥലങ്ങൾ പുനരുദ്ധരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേലികെട്ടുന്നതിനുമുള്ള പദ്ധതിക്ക് കീഴിൽ മക്കയിലെ ഉമ്മുൽ-ഖുറൂൻ കിണർ സ്ഥിതി ചെയ്യുന്ന സ്ഥലം ഭാഗികമായി ഏറ്റെടുക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
15 ദിവസത്തിനുള്ളിൽ ഇൗ രണ്ട് സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് കണക്കെടുപ്പ്, നഷ്ടപരിഹാര നിർണയം എന്നിവക്ക് കമ്മിറ്റികൾ രുപവത്കരിക്കും. രണ്ട് മാസത്തിനുള്ളിൽ കമ്മിറ്റികൾ അവരുടെ ജോലി പൂർത്തിയാക്കും. വസ്തു ഉടമകളോട് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ സമർപ്പിക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മക്കയുടെ പടിഞ്ഞാറുള്ള ഒരു കിണറാണ് ‘ബിഅ്ർ ഉമ്മുൽ ഖുറൂർ’. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരവും പുരാവസ്തു ഗവേഷണവുമായ ലാൻഡ്മാർക്കുകളിൽ ഒന്നാണിത്. പണ്ട്കാലത്ത് തീർഥാടക യാത്രാസംഘങ്ങൾ വെള്ളം ശേഖരിച്ചിരുന്ന കിണറാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.