മയക്കുമരുന്നിനെതിരെ കാമ്പയിൻ സജീവം: യാംബുവിലും പരിശോധന തുടരുന്നു
text_fieldsയാംബു: സൗദിയിൽ ദേശീയ തലത്തിൽ ആരംഭിച്ച മയക്കുമരുന്നിനെതിരെയുള്ള കാമ്പയിൻ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതായി വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി അധികൃതർ പഴുതടച്ചുള്ള പരിശോധനകളാണ് എങ്ങും തുടരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ യാംബുവിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടന്നിരുന്നു. താമസ കേന്ദ്രങ്ങളിൽ വരെ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നതായി അറിയുന്നു. പാകിസ്താനികൾ താമസിക്കുന്ന യാംബുവിലെ കെട്ടിടത്തിൽ പരിശോധന നടത്തുകയും മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില വസ്തുക്കളിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
വാഹന പരിശോധനയും വ്യാപകമായി നടക്കുന്നുണ്ട്. സംശയം തോന്നുന്ന വാഹനങ്ങളിലുള്ള സാധനങ്ങളും പൂർണമായി എടുത്ത് പരിശോധിക്കുന്നതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധമുള്ള വസ്തുക്കളുടെ ഉപയോഗവും അവ കൈമാറ്റം ചെയ്യുന്നതും പൂർണമായും നിരീക്ഷണത്തിനും ശിക്ഷാനടപടികൾക്കും വിധേയമാണ്.
മയക്കുമരുന്ന് വിപണനം ചെയ്യുകയും വിൽക്കുകയും ചെയ്ത നിരവധി പേരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്നിനെതിരെ വ്യാപകമായ ബോധവത്കരണം നടക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും മയക്കുമരുന്നിന്റെ അപകടത്തിൽനിന്ന് യുവാക്കളെയും മറ്റും സംരക്ഷിക്കാനും ലക്ഷ്യംവെച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കൂടി നിർദേശപ്രകാരമാണ് കാമ്പയിൻ രാജ്യത്ത് സജീവമാക്കിയത്. ഇതിനകം ഏറെ സ്വീകാര്യതയും വർധിച്ച പിന്തുണയും സ്വദേശികളിൽനിന്നും സൗദി താമസക്കാരിൽനിന്നും കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശ്രദ്ധേയമായ ഫലങ്ങൾ പ്രദാനം ചെയ്തതതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് നേരത്തേ പറഞ്ഞിരുന്നു.
മയക്കുമരുന്ന് കാമ്പയിൻ ഇപ്പോഴും തുടക്കത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കാമ്പയിനുമായി ബന്ധപ്പെട്ട പരിശോധനകളും ബോധവത്കരണ പരിപാടികളും മറ്റും കൂടുതൽ വ്യാപകമാക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.