പരീക്ഷണങ്ങൾ അതിജയിക്കുന്നവനാണ് വിശ്വാസി -സ്വലാഹുദ്ദീന്‍ അയ്യൂബി
text_fieldsജിദ്ദ: സ്ഥലകാല വ്യത്യാസമില്ലാതെ ലോകമെമ്പാടും മുസ്ലിം സമുദായം പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പ്രപഞ്ചാന്ത്യംവരെ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുമെന്നുള്ളത് പ്രവാചകാധ്യാപനങ്ങളിൽപെട്ടതാണെന്നും അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന് സ്വലാഹുദ്ദീൻ അയ്യൂബി.
ഉംറ നിർവഹിക്കാനെത്തിയപ്പോൾ അൻവാർശ്ശേരി വെൽഫെയർ അസോസിയേഷൻ (അജ്വ) ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ അതിജയിക്കുന്നവനാണ് യഥാർഥ വിശ്വാസിയെന്നും മതത്തിനെതിരെയും മതത്തിന്റെ ചിഹ്നങ്ങൾക്കെതിരെയുമുള്ള കടന്നുകയറ്റം കക്ഷിരാഷ്ട്രീയ വിഭാഗീയതകൾക്കതീതമായി യോജിച്ച മുന്നേറ്റത്തിലൂടെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുസ്വരത മുഖമുദ്രയാക്കിയ സ്വാതന്ത്ര്യാനന്തര ഭാരതത്തിലാണ് നാം ജീവിക്കുന്നതെങ്കിലും യഥാർഥത്തിൽ മുസ്ലിം സമുദായത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷമാണ് നാളുകളായി കണ്ടുവരുന്നത്. മറ്റുള്ളവരെ ഇസ്ലാം വിരോധികൾ ആക്രമിക്കുമ്പോൾ താൻ സുരക്ഷിതവലയത്തിലാണ് എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ ലോകത്താണെന്നും ഇസ്ലാമിനെതിരെ ഏതുരീതിയിലുള്ള ആക്രമണവും ഐക്യപ്പെട്ട് ചെറുക്കാനാണ് എല്ലാവരും മുന്നോട്ടുവരേണ്ടതെന്നും സലാഹുദ്ദീൻ ചൂണ്ടിക്കാട്ടി.
അജ്വ ജി.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. അജ്വ ജിദ്ദ മർകസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മനാഫ് മൗലവി അൽബദ്രി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീനുള്ള ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ നൽകിയും പ്രസിഡന്റ് മനാഫ് മൗലവി അൽബദ്രി ഷാള്‍ അണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചു. വിജാസ് ഫൈസി ചിതറ, ഹാഫിസ് സിദ്ദീഖ് മദനി ചെറ്റച്ചല്‍, മസ്ഊദ് മൗലവി ബാലരാമപുരം, മൗലവി സൈദ് മുഹമ്മദ് അൽകാശിഫി കാഞ്ഞിരപ്പള്ളി, ജമാലുദ്ദീൻ അശ്റഫി കരുനാഗപ്പള്ളി, അബ്ദുൽ ലത്തീഫ് കറ്റാനം, ഇര്‍ഷാദ് ആറാട്ടുപുഴ, അജ്വ മക്ക ചെയർമാൻ മുഹമ്മദ് സാഹിബ് മലപ്പുറം, അജ്വ മദീന പ്രസിഡന്റ് ആസാദ് പള്ളിശ്ശേരിക്കല്‍ എന്നിവർ സംസാരിച്ചു. ആക്റ്റിങ് സെക്രട്ടറി ബക്കർ സിദ്ദീഖ് നാട്ടുകല്ല് സ്വാഗതവും ജോയന്റ് സെക്രട്ടറി നിസാർ കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.