ഹജ്ജ്: എല്ലാ വിവരങ്ങളുമായി തീർഥാടകർക്ക് ഇന്ത്യൻ ഹജ്ജ് മിഷെൻറ ‘ആപ്’
text_fieldsജിദ്ദ: ഇന്ത്യൻ ഹാജിമാരുടെ എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ ലഭ്യമാവുന്ന ഇന്ത്യൻ ഹജ്ജ് മിഷെൻറ ആപ്ലിക്കേഷൻ വൻ വിജയം. ഹാജിമാരെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഇൗ ആപ്പിൽ ലഭ്യമാണ്. സാധാരണക്കാർക്കും ഉപയോഗിക്കാൻ പാകത്തിലാണ് ഇത് രൂപകൽപന ചെയ്തത്. വേഗത്തിൽ ഡൗൺലോഡ് ചെയ്യാം.
‘ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം’ എന്ന പേരിലുള്ള ആപ് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. സംസ്ഥാന കോഡും അഞ്ചക്ക കവർ നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാൽ ഹജ്ജ് മിഷൻ വഴിയോ സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയോ ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തിയ ഓരോ ഹാജിയുടെയും മക്കയിലെയും മദീനയിലെയും പൂർണ വിവരങ്ങൾ ലഭിക്കും. ഹാജിയുടെ പേര്, മൊബൈൽ നമ്പർ, മക്ക മദീന ബിൽഡിങ് നമ്പർ, സ്ഥലവിവരം, റൂം നമ്പർ, ബ്രാഞ്ച്, മൊബൈൽ നമ്പർ, ഹാജിയോടൊപ്പം എത്തിയ സർക്കാർ വളൻറിയറുടെ നമ്പർ, ഹാജിമാരുടെ വിമാനവിവരങ്ങൾ, ഒപ്പമുള്ള ഹാജിമാരുടെ പേരും നമ്പറും എന്നിവ അറിയാം.
സ്വകാര്യ ഗ്രൂപ്പിൽ വന്നതും ഹജ്ജ് മിഷൻ വഴി വന്നതും പ്രത്യേകം തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് ആപ് രൂപകൽപന ചെയ്തത്. സൗദി അറേബ്യയിൽനിന്ന് ഹജ്ജിനെത്തുന്നവർക്ക് അവരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഉണ്ട്. ഇവ കൂടാതെ അടുത്തുള്ള ഹോസ്പിറ്റൽ, ഫാർമസി, പള്ളി, റസ്റ്റാറൻറ്, ഷോപ്പിങ് മാൾ എന്നിവയും അറിയാൻ ഹാജിമാരെ സഹായിക്കുന്ന ഓപ്ഷൻ അടങ്ങിയതാണ് ആപ്. വഴിയറിയാതെ അലയുന്ന ഹാജിമാരെ സഹായിക്കുന്നതിനും അവർക്കു നിർദേശങ്ങൾ നൽകുന്നതിനും കളഞ്ഞുപോകുന്ന ലഗേജുകൾ തിരിച്ചെത്തിക്കാനും സന്നദ്ധപ്രവര്ത്തകർക്ക് ആപ് സഹായകമാണ്. നാട്ടിലുള്ള ബന്ധുക്കൾക്കും ഇത് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ അറിഞ്ഞുവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.