ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് അറബ്-ഇസ്ലാമിക് സമിതി
text_fieldsജിദ്ദ: ഗസ്സയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും ഫലപ്രദവും അടിയന്തരവുമായ നടപടികൾ അതിനായി കൈക്കൊള്ളണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയംഗങ്ങൾ ആവശ്യപ്പെട്ടത്. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിന് പരിഹാരം തേടി വിവിധ രാജ്യങ്ങളുമായുള്ള കൂടിയാലോചനക്കായി തുടരുന്ന പര്യടനത്തിന്റെ ഭാഗമായാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി ബ്രിട്ടനിലെത്തിയത്. സംഘം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
താൽക്കാലിക വെടിനിർത്തലിനായി ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക മാനദണ്ഡങ്ങൾക്കും അനുസൃതമായി സന്തുലിതമായ പങ്കുവഹിക്കാനും അടിയന്തര വെടിനിർത്തലിൽ എത്തിച്ചേരാനും പ്രസക്തമായ എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളും നടപ്പാക്കാനും മന്ത്രിതല സമിതി അംഗങ്ങൾ ബ്രിട്ടനോട് ആവശ്യപ്പെട്ടു. എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും മുൻഗണന വിഷയമാണ് ഇതെന്നും അവർ പറഞ്ഞു. സമാധാനപ്രക്രിയ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ എന്ന ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിലൂടെ മാത്രമേ നീതിയും, ശാശ്വതവും സമഗ്രവുമായ സമാധാനവും ഉണ്ടാവൂവെന്ന് അവർ വ്യക്തമാക്കി.
സമിതി അംഗങ്ങളായ ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽസഫാദി, ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽമാലികി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്നോ മർസൂദി, നൈജീരിയൻ വിദേശകാര്യ മന്ത്രി യൂസഫ് മൈതാമ തോഗർ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് എന്നിവരും പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക, ദക്ഷിണേഷ്യ, യു.എൻ എന്നിവിടങ്ങളിൽ ബ്രിട്ടീഷ് വിദേശകാര്യ വികസന മന്ത്രാലയ പ്രതിനിധിയായി പ്രവർത്തിക്കുന്ന താരിഖ് അഹമ്മദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമിതിയുടെ പര്യടനം ചൈനയിലാണ് ആരംഭിച്ചത്. തുടർന്ന് വിവിധ രാജ്യങ്ങൾ കടന്നാണ് ബ്രിട്ടനിലെത്തിയത്.
ഫ്രഞ്ച് പ്രസിഡന്റുമായും കൂടിക്കാഴ്ച
ജിദ്ദ: അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി അംഗങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുമായി ചർച്ച നടത്തി. ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിന് യു.എൻ രക്ഷാ കൗൺസിലിലെ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും ഫലപ്രദവും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളണമെന്നും കൂടിക്കാഴ്ചയിൽ സമിതി ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് മാനുഷിക സഹായം, ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവ എത്തിക്കുന്നതിന് ഇടനാഴികൾ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. അടിയന്തരവും സമ്പൂർണവുമായ വെടിനിർത്തലിൽ എത്തിച്ചേരാനും ഫലസ്തീൻ വിഷയത്തിൽ പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കാൻ ഫ്രാൻസ് സമതുലിതമായ പങ്ക് വഹിക്കണമെന്നും കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.